print edition ബിലാസ്‌പ‍ുർ ട്രെയിൻ അപകടം; ലോക്കോ പൈലറ്റിനുമേൽ കുറ്റം ചുമത്തുന്നത്‌ അപലപനീയം: സിഐടിയു

CITU
avatar
സ്വന്തം ലേഖകൻ

Published on Nov 09, 2025, 12:00 AM | 1 min read

ന്യൂഡൽഹി : ഛത്തീസ്‌ഗഡിലെ ബിലാസ്‌പുരിലുണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട ലോക്കോ പൈലറ്റിന്റെമേൽ കുറ്റം ചുമത്തിയ റെയിൽവേയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന്‌ സിഐടിയു. അന്വേഷണം തുടങ്ങുംമുന്പ്‌ തന്നെ അപകടത്തിന്റെ ഉത്തരവാദിത്വം ലോക്കോ പൈലറ്റിലാണെന്ന മുൻവിധിയോടെയുള്ള നീക്കം അപലപനീയമാണ്‌. ജീവനക്കാരെ പഴിക്കുന്നത്‌ അവസാനിപ്പിച്ച്‌ റെയിൽവേയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഉടനടി കൈക്കൊള്ളണം.


റെയിൽവേയിലെ സുരക്ഷ വർധിപ്പിച്ചു എന്ന്‌ കേന്ദ്രമന്ത്രി കൊട്ടിഘോഷിക്കുന്പോഴാണ്‌ ദാരുണമായ അപകടങ്ങളുണ്ടാവുന്നത്‌. സ‍ൗത്ത്‌ ഇ‍ൗസ്റ്റ്‌ സെൻട്രൽ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്‌. 2025 ജനുവരി ഒന്നിലെ കണക്കനുസരിച്ച്‌ ബിലാസ്‌പുർ ഡിവിഷനിൽ മാത്രം 2556 ഒഴിവുണ്ട്‌. സോണിൽ ആകെ 4,330 ഒഴിവുകളുമുണ്ട്‌. കഴിഞ്ഞ 10 മാസത്തിനിടെ 500 ലോക്കോ പൈലറ്റുമാരാണ്‌ വിരമിക്കുകയോ രാജിവയ്‌ക്കുകയോ ചെയ്തത്‌.


ഇത്‌ കടുത്ത ജോലിഭാരവും സമ്മർദവും സൃഷ്ടിക്കുന്നു. വിശ്രമവും ആഴ്ചതോറുമുള്ള അവധിയും നിഷേധിക്കുകയും ചെയ്യുന്നു. നൂറുകണക്കിന്‌ യാത്രക്കാരുടെയും ജീവനക്കാരുടെയും മരണത്തിന്‌ കാരണമാവുന്ന തുടർച്ചയായ അപകടങ്ങളുടെ യഥാർഥ കാരണങ്ങളെക്കുറിച്ച്‌ റെയിൽവേ അന്വേഷിക്കണം. റെയിൽവേ ശൃംഖലയിലുടനീളം സുരക്ഷാ മുന്നറിയിപ്പ്‌ സംവിധാനം സ്ഥാപിക്കണമെന്നും സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home