ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനഃപരിശോധന; ലോക്സഭയിൽ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

ന്യൂഡൽഹി : ബിഹാറിലെ ജനാധിപത്യവിരുദ്ധ വോട്ടർ പട്ടിക പുനഃപരിശോധന (എസ്‌ഐആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ തിങ്കളാഴ്‌ചയും ലോക്‌സഭ കാര്യമായ നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. നിർണായക സ്‌പോർട്‌സ് ഗവേണൻസ് ബിൽ, ആന്റി ഡോപിങ് ബിൽ തുടങ്ങിയവ അവതരിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ നീക്കം. എസ്‌ഐആറിന് എതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രംഗത്തിറങ്ങി.
ഇതോടെ പകൽ രണ്ടുവരെ നടപടികൾ സ്‌പീക്കർ നിർത്തിവച്ചു. പകൽ രണ്ടിന് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിൽ ഒട്ടും അയവുണ്ടായില്ല. തുടർന്ന് സഭ ചൊവ്വാഴ്‌ച്ചത്തേക്ക് പിരിഞ്ഞു. ലോക്‌സഭാ സ്‌പീക്കർ ഓംബിർളയും പ്രതിപക്ഷ നേതാക്കളും ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്താനായില്ല. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപക നേതാവും സിറ്റിങ് എംപിയുമായ ഷിബു സോറൻ അന്തരിച്ച പശ്ചാത്തലത്തിൽ രാജ്യസഭയിൽ കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ല.
അദ്ദേഹത്തിന് ആദരമർപ്പിച്ച് സഭ ചൊവ്വാഴ്‌ച്ചത്തേക്ക് പിരിഞ്ഞു. യുപിഎസ്‌സി, എസ്‌എസ്‌സി മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി നോട്ടീസ് നൽകി. ചൊവ്വാഴ്‌ച്ച എൻഡിഎ പാർലമെന്ററി പാർടി യോഗം ചേരും. ഉപരാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടായേക്കും.









0 comments