ഹർജികൾ 10ന് സുപ്രീംകോടതി കേള്‍ക്കും
ബിഹാര്‍ വോട്ടർപ്പട്ടിക പുനഃപരിശോധന സംഘപരിവാർ അജൻഡ

ന്യൂഡൽഹി
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂടിയാലോചനയൊന്നും കൂടാതെ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന പ്രഖ്യാപിച്ചത് സംഘപരിവാർ അജൻഡയുടെ ഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സാധാരണ നിലയിലുള്ള വോട്ടർപ്പട്ടിക പുതുക്കൽ പ്രക്രിയ ബിഹാറിൽ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കമീഷൻ ജൂൺ 24ന് തീവ്രപുനഃപരിശോധന ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.
ഇത്രയും സുപ്രധാനമായ ഒരു നടപടിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം രാജ്യത്തോട് പറയാൻപോലും കമീഷൻ മെനക്കെട്ടില്ല. രാത്രി വൈകി വാർത്താക്കുറിപ്പിലൂടെയാണ് കമീഷന്റെ തീവ്രപുനഃപരിശോധനാ പ്രഖ്യാപനം ഉണ്ടായത്. വാർത്താക്കുറിപ്പ് ഇറക്കിയതിന്റെ അടുത്ത ദിവസം തന്നെ നടപടികളിലേക്കു കടന്നു. പൗരത്വവുമായികൂടി കൂട്ടിയിണക്കിയുള്ളതാണ് പുനഃപരിശോധനയെന്നതാണ് വസ്‌തുത.
പ്രതിപക്ഷ പാർടികൾ ശക്തമായ എതിർപ്പ് അറിയിച്ചിട്ടും നടപടികളുമായി കമീഷൻ മുന്നോട്ടുപോവുകയാണ്. കേന്ദ്രസർക്കാരിന്റെ ശക്തമായ പിന്തുണയില്ലാതെ കമീഷൻ ഇത്തരമൊരു സാഹസത്തിന് മുതിരില്ല.
എൻഡിഎ ഘടകകക്ഷികൾപോലും അവസാന നിമിഷത്തിലുള്ള പുനഃപരിശോധനാ പ്രക്രിയയോട് വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ ബിജെപിയും സംഘപരിവാറും മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷനെ പിന്തുണയ്‌ക്കുന്നത്.
തീരുമാനം വിവാദമായി മാറിയതോടെ ഓരോ ദിവസവും പുതിയ പ്രസ്‌താവനകളുമായി രംഗത്തുവരേണ്ട ഗതികേടിലാണ് കമീഷൻ. ആദ്യം പേരുചേർക്കൽ ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയെന്നും ജനനസ്ഥലം തെളിയിക്കുന്നതിന് കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഏതെങ്കിലും ഒന്ന് അന്തിമ പട്ടിക പുറത്തിറങ്ങുന്നതിന് മുമ്പായി സമർപ്പിച്ചാൽ മതിയെന്നുമാണ് കമീഷന്റെ നിലപാട്. 11 രേഖകളിൽ ഒന്നുപോലും ഇല്ലെങ്കിൽതന്നെയും ഫീൽഡ് ഓഫീസർമാർക്ക് സ്വന്തം നിലയിൽ പരിശോധന നടത്തി വോട്ടറുടെ കാര്യത്തിൽ തീരുമാനം എടുക്കാമെന്നും കമീഷൻ വിശദീകരിക്കുന്നു.
2.88 കോടി ഫോമുകൾ കിട്ടി
ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയുടെ ഭാഗമായി തിങ്കൾ പകൽ ആറു വരെ 2.88 കോടി പേരുചേർക്കൽ ഫോമുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ബിഹാറിൽ നിലവിലെ വോട്ടർപ്പട്ടികയിൽ 7.9 കോടി പേരാണുള്ളത്. ഇതിൽ 36.47 ശതമാനം ഫോം പൂരിപ്പിച്ച് നൽകിയതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അവകാശവാദം.
ഇതിൽ 11.26 ശതമാനം കമീഷൻ തയ്യാറാക്കിയ പ്രത്യേക വെബ്‌സൈറ്റിലൂടെ ഫോമുകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും കമീഷൻ അറിയിച്ചു. ഫോമുകൾ സമർപ്പിക്കുന്നതിന് 18 ദിവസംകൂടി ശേഷിക്കുന്നുണ്ട്.
ഹർജികൾ 10ന് സുപ്രീംകോടതി കേള്‍ക്കും
ബിഹാറിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കാമെന്ന് സുപ്രീംകോടതി. 10ന് ഹര്‍ജികള്‍ പരിഗണിക്കും. ആർജെഡി, കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി, സിപിഐ എംഎൽ ലിബറേഷൻ, ജെഎംഎം, ശിവസേന (യുബിടി), എസ്‍പി, ഡിഎംകെ, സിപിഐ, അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും അറിയിച്ചു.
ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് തിങ്കളാഴ്‌ച ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിൽ മുതിര്‍ന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്‌വി തുടങ്ങിയവര്‍ ആവശ്യപ്പെടുകയായിരുന്നു.
വോട്ടർമാരുടെ ജനാധിപത്യ അവകാശങ്ങൾ കവരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.









0 comments