നാലാംദിനവും സഭ പ്രക്ഷുബ്‌ധം

ന്യൂഡൽഹി
ബിഹാറിലെ വോട്ടര്‍മാരുടെ പൗരത്വ പരിശോധന നടത്തുന്നതില്‍ ചർച്ച വേണമെന്ന ആവശ്യം കേന്ദ്രസർക്കാർ തള്ളിയതോടെ നാലാംദിവസവും പാർലമെന്റ് സ്‌തംഭിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രക്ഷോഭകൊടുങ്കാറ്റുയർത്തി.
വ്യാഴാഴ്‌ച നടപടികൾ ആരംഭിച്ചയുടൻ പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. പ്ലക്കാർഡും മുദ്രാവാക്യവും സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് സ്‌പീക്കർ ഓംബിർള രോഷം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷം പിന്മാറിയില്ല. രാജ്യസഭയിലും ബിഹാർ വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസ് നൽകിയെങ്കിലും രാജ്യസഭാധ്യക്ഷൻ തള്ളി. ‘സമുദ്ര ചരക്കുഗതാഗത ബിൽ’ ചർച്ച ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ലോക്‌സഭയും രാജ്യസഭയും പലവട്ടം നിർത്തിവെച്ചശേഷം വെള്ളിയാഴ്‌ചത്തേക്ക് പിരിഞ്ഞു. പാർലമെന്റിന് പുറത്തും പ്രതിപക്ഷഅംഗങ്ങൾ പ്രതിഷേധിച്ചു.
കാലാവധി പൂർത്തിയാക്കിയ തമിഴ്‌നാട്ടിൽ നിന്നുള്ള ആറംഗങ്ങൾക്ക് രാജ്യസഭ യാത്രയയപ്പ് നൽകി. അൻപുമണി രാംദാസ്, വൈക്കോ, പി വിത്സൻ തുടങ്ങിയവർക്കാണ് യാത്രയയപ്പ് നൽകിയത്. ഡിഎംകെയുടെ പി വിത്സൻ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.









0 comments