ബിഹാറിലെ കരട് വോട്ടർപ്പട്ടിക ; പേര് ഉൾപ്പെടുത്താൻ 33,000 അപേക്ഷ

ന്യൂഡൽഹി
ബിഹാറിൽ തീവ്ര പുനഃപരിശോധനയ്‌ക്കുശേഷം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരടു വോട്ടർപ്പട്ടികയിൽ തിരുത്തലിനുള്ള സമയം തിങ്കളാഴ്‌ച അവസാനിക്കാനിരിക്കെ പട്ടികയിൽ പേര് ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ലഭിച്ചത് 33,000 അപേക്ഷകൾ. പുതിയ വോട്ടർമാരായി ചേരാൻ 15 ലക്ഷത്തിലേറെ അപേക്ഷകളും സമർപ്പിക്കപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ട രണ്ടുലക്ഷത്തോളം പേരുകൾ നീക്കണമെന്ന അപേക്ഷകളുമുണ്ട്. അതേസമയം ‘സംശയകരമായ പൗരത്വം’ ചൂണ്ടിക്കാട്ടി മൂന്ന് ലക്ഷത്തോളം പേർക്ക് കമീഷൻ നോട്ടീസ് നൽകി. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പിൻവാതിലിലൂടെ നടപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെട്ടു. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരെന്ന് സംശയിക്കുന്നവർക്കാണ് നോട്ടീസ് നൽകിയതെന്ന് കമീഷൻ അവകാശപ്പെടുന്നു.
കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, മധുബനി, കിഷൻഗഞ്ച്, പുർണിയ തുടങ്ങിയ അതിർത്തി ജില്ലകളിൽ കഴിയുന്നവർക്കാണ് നോട്ടീസ് നൽകിയത്. കരടു പട്ടികയിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തങ്ങളുടെ ബൂത്ത്‌തല ഏജന്റുമാർ സമർപ്പിച്ച 89 ലക്ഷം പരാതികൾ കമീഷൻ സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു.









0 comments