ബിഹാർ കരട് വോട്ടർപ്പട്ടിക: ഇരട്ടിപ്പ് 5.56 ലക്ഷം

ന്യൂഡൽഹി
: ബിഹാറിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്ക് (എസ്‌ഐആർ) ശേഷം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരട് വോട്ടർപ്പട്ടികയിൽ 5.56 ലക്ഷത്തിൽപ്പരം വോട്ടുകൾ ഇരട്ടിച്ചതായി അന്വേഷണാത്മക മാധ്യമകൂട്ടായ്‌മ ‘റിപ്പോർട്ടേഴ്‌സ് കളക്‌റ്റീവ്’ വെളിപ്പെടുത്തി. ഒരേ പേര് രണ്ട് തിരിച്ചറിയൽ കാർഡുകളുടെ അടിസ്ഥാനത്തിൽ രണ്ടുവട്ടം കരട് പട്ടികയിൽ ചേർത്തതായി 142 നിയോജകമണ്ഡലങ്ങളില്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കരട് പട്ടികയിലെ വോട്ടർമാരുടെ പേരുകൾ, ബന്ധുക്കളുടെ പേരുകൾ, പ്രായം തുടങ്ങിയ വിശദാംശം ഒത്തുനോക്കിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇരട്ടിച്ച വോട്ടർ കാർഡുകളിൽ ബന്ധുക്കളുടെ പേരിൽപ്പോലും മാറ്റമില്ല. പ്രായത്തിൽ മാത്രം ചെറിയ മാറ്റം. 1.29 ലക്ഷം കേസുകളിൽ പേര്, ബന്ധുക്കളുടെ പേര്, പ്രായം എല്ലാം ഒന്നാണ്. മേൽവിലാസങ്ങളിൽ മാത്രം വ്യത്യാസം.
40,649 കേസിൽ ഒരേ പോളിങ്‌ബൂത്തിലോ അടുത്തുള്ള ബൂത്തുകളിലോ ആണ് ഒരേ പേര് രണ്ടുവട്ടം ചേര്‍ത്തത്. മിക്കവയിലും രണ്ട് തിരിച്ചറിയൽ കാർഡുകളിലെയും ഫോട്ടോ ഒന്നാണ്. ഒരേ വോട്ടറുടെ വ്യത്യസ്‌ത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളുമുണ്ട്.
സ്‌ത്രീകളുടെ തിരിച്ചറിയൽ കാർഡിൽ പുരുഷൻമാരുടെ ഫോട്ടോ പതിച്ചിട്ടുണ്ട്.
രണ്ടുവട്ടം പേര് ചേർക്കപ്പെട്ടവരിൽ ചിലരുടെ വീടുകൾ ‘റിപ്പോർട്ടേഴ്‌സ് കളക്‌റ്റീവ്’ സന്ദർശിച്ചു. പലരും കുറച്ചുകാലമായി ബിഹാറിൽ ഇല്ലെന്നും തൊഴിൽ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിന് പുറത്താണെന്നും വ്യക്തമായി. കരട് പട്ടികയിൽ പേര് ചേർക്കുന്നതിന് മുന്പ് തെരഞ്ഞെടുപ്പ് കമീഷൻ കംപ്യൂട്ടർ അധിഷ്‌ഠിത ഇരട്ടിക്കൽ ഒഴിവാക്കൽ പ്രക്രിയയിലൂടെ ക്രമക്കേടുകൾ ഒഴിവാക്കാറുണ്ടായിരുന്നു. ഫോട്ടോകൾ ഒത്തുനോക്കി ഇരട്ടിപ്പുകൾ കണ്ടെത്താനുള്ള സോഫ്‌റ്റ്‌വെയറും കമീഷനുണ്ട്. ഇതെല്ലാമുണ്ടായിട്ടും ലക്ഷക്കണക്കിന് ഇരട്ടവോട്ടുകൾ ഉണ്ടായത് അതീവ ഗുരുതര കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.









0 comments