ബിഹാർ വോട്ടര്‍പട്ടിക തീവ്രപരിശോധന; നിയമവിരുദ്ധത ഉണ്ടെങ്കിൽ ഇടപെടും

ന്യൂഡൽഹി : ബിഹാറിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന(എസ്‌ഐആർ) യിൽ തെരഞ്ഞെടുപ്പ് കമീഷന് വീണ്ടും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. നിയമവിരുദ്ധതയുണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചാലും ഇടപെടുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവർ വ്യക്തമാക്കി. ചെയ്യുന്ന കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നത് സുതാര്യത കൊണ്ടുവരുമെന്ന് ബെഞ്ച് കമീഷനെ ഉപദേശിച്ചു. കേസിലെ തുടർവാദം ഒക്‌ടോബർ ഏഴിലേക്ക് മാറ്റി.
വോട്ടർപ്പട്ടികയിൽ ഉൾപ്പെടാൻ പരിഗണിക്കുന്ന രേഖകളിൽ ആധാർ ഉൾപ്പെടുത്തിയതിനെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. എസ്‌ഐആർ നടപടിക്രമത്തിൽ കമീഷൻ സ്വന്തം ചട്ടം പോലും ലംഘിക്കുന്നുവെന്നും ലഭിച്ച പരാതികൾ കമീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിം-ഫോംസി(എഡിആർ)ന് വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
തുടർന്നാണ് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചാലും ഇടപെടുമെന്ന് ബെഞ്ച് മറുപടി നൽകിയത്. പരാതികളുടെ വിവരം എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യാൻ കമീഷനോട് നിർദേശിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. എന്നാൽ ആഴ്‌ചതോറും ഇത് നൽകാനാകുവെന്ന് കമീഷന് വേണ്ടി രാകേഷ് ദ്വിവേദി പറഞ്ഞു. ഇൗ ഘട്ടത്തിലാണ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് സുതാര്യത വർധിപ്പിക്കുമെന്നും പരാതികളുടെ എണ്ണം കമീഷന് പുറത്തുവിടാവുന്നതേയുള്ളുവെന്നും കോടതി നിരീക്ഷിച്ചത്.









0 comments