കൂടുതൽ 
പിഴവുകൾ പുറത്തുവിട്ട്‌ 
റിപ്പോർട്ടേഴ്‌സ്‌ കളക്ടീവ്‌

ബിഹാർ കരട്‌ വോട്ടർപ്പട്ടിക ; 39 മണ്ഡലത്തിൽ 
1.88 ലക്ഷം‘വ്യാജ’വോട്ട്‌

Bihar Voter List Scam
വെബ് ഡെസ്ക്

Published on Sep 02, 2025, 03:15 AM | 2 min read


ന്യൂഡൽഹി

ബിഹാറിൽ തീവ്ര പുനഃപരിശോധനയിലൂടെ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷൻ തയ്യാറാക്കിയ കരട്‌ വോട്ടർപ്പട്ടികയിലെ കൂടുതൽ പിഴവുകൾ പുറത്തുവിട്ട്‌ റിപ്പോർട്ടേഴ്‌സ്‌ കലക്‌ടീവ്‌. 39 നിയമസഭാ മണ്ഡലത്തിൽ 1.88 ലക്ഷം സംശയാസ്‌പദ വോട്ടുകൾ കണ്ടെത്തി. 1.02 ലക്ഷം വോട്ടർമാരുടെ പേരും ബന്ധുവിന്റെ പേരും ഒന്നുതന്നെ. മാതാപിതാക്കളുമായി പലർക്കും പ്രായവ്യത്യാസം അഞ്ചു വയസ്സ്‌ മാത്രം. 25,862 എണ്ണത്തിൽ പേരും ബന്ധുവിന്റെ പേരും പ്രായവും ഒന്നുതന്നെ.


16375 എണ്ണത്തിൽ നേരിയ വ്യത്യാസം വിലാസത്തിൽ മാത്രം. തീവ്ര പുനഃപരിശോധനയിലൂടെ ഏഴു ലക്ഷത്തോളം ഇരട്ടവോട്ട്‌ ഒഴിവാക്കിയിട്ടുണ്ടെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അവകാശപ്പെട്ടിരുന്നത്‌. എന്നാൽ ഇരട്ടവോട്ടുകൾ വ്യാപകമായി തുടരുന്നുവെന്നാണ്‌ റിപ്പോർട്ടേഴ്‌സ്‌ കലക്‌ടീവിന്റെ കണ്ടെത്തൽ.


ബിഹാറിൽ ആകെ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്‌. ഇതേ നിലയിലാണ്‌ മറ്റുള്ളയിടത്തെയും ഇരട്ടവോട്ടുകളെങ്കിൽ സംശയകരമായ 12 ലക്ഷത്തോളം വോട്ടുകൾ കരട്‌ പട്ടികയിലുണ്ട്‌. അതിർത്തി ജില്ലയായ വാൽമീകി നഗറിലെ 5000 വോട്ടർമാർ യുപിയിലെ വോട്ടർപ്പട്ടികയിലും ഇടംപിടിച്ചെന്നും മറ്റു മൂന്നു മണ്ഡലങ്ങളിൽ 80000 വോട്ട്‌ തെറ്റായ വിലാസങ്ങളിൽ കൂട്ടമായി ചേർത്തതായും കണ്ടെത്തി. ഇ‍ൗ റിപ്പോർട്ടുകളോട്‌ കമീഷൻ പ്രതികരിച്ചിട്ടില്ല.


എതിർപ്പ്‌ ഇനിയും അറിയിക്കാമെന്ന്‌ തെര. കമീഷൻ

ന്യൂഡൽഹി

ബിഹാറിലെ കരട്‌ വോട്ടർപ്പട്ടികയിലെ പരാതികൾ ഇനിയും പരിഗണിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. എതിർപ്പുകളും അപേക്ഷകളും നൽകാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിച്ച ഘട്ടത്തിലാണിത്‌. വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ വിഷയം പരിഗണിക്കുന്ന ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്‌ മുമ്പാകെയാണ്‌ ഉറപ്പുനൽകിയത്‌. സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട്‌ ആർജെഡി, സിപിഐ എംഎൽ ലിബറേഷൻ തുടങ്ങിയ പാർടികളാണ്‌ അപേക്ഷ നൽകിയത്‌. കമീഷൻ ഉറപ്പുനൽകിയതിനാൽ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കുന്നില്ലെന്ന്‌ കോടതി അറിയിച്ചു.

സെപ്‌തംബർ ഒന്നിനുശേഷവും കരട്‌ പട്ടികയിൽ എതിർപ്പ്‌, കൂട്ടിച്ചേർക്കൽ, തിരുത്തൽ എന്നിവയ്‌ക്കായി ഓൺലൈൻ അപേക്ഷ നൽകാം. അവ പരിഗണിച്ചശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുവെന്ന്‌ കമീഷനുവേണ്ടി ഹാജരായ രാകേഷ്‌ ദ്വിവേദി ഉറപ്പുനൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികനൽകാനുള്ള അവസാന തീയതിവരെ പുനഃപരിശോധന നടപടി നീളുമെന്നും ദ്വിവേദി പറഞ്ഞു. തിരിച്ചറിയൽ രേഖയായി ആധാർ പരിഗണിക്കണമെന്ന്‌ ബെഞ്ച്‌ വീണ്ടും ആവശ്യപ്പെട്ടു. പുതുക്കിയ വോട്ടർപ്പട്ടികയിൽ ഉള്ളവരും പുതിയ വോട്ടർമാർക്കുള്ള -ഫോം ആറ്‌ ആണ്‌ നൽകേണ്ടിവരുന്നതെന്ന്‌ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി (എഡിആർ) ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home