ഗാലിംപുരിൽ ഇല്ലാത്ത വീട്ടിൽ വ്യത്യസ്‌ത കുടുംബങ്ങളിലെ 509 പേർ , മോത്തിഹാരിയിൽ ഒറ്റവീട്ടിൽ 294 പേർ
ബിഹാർ വോട്ടർപ്പട്ടിക ; 3 മണ്ഡലത്തിൽ 80,000ലേറെ വ്യാജവോട്ട്

ന്യൂഡൽഹി
ബിഹാറിൽ തീവ്ര പുനഃപരിശോധന(എസ്‌ഐആർ)യ്‌ക്കുശേഷം തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. മൂന്ന് നിയമസഭാ മണ്ഡലത്തിൽ വ്യാജവിലാസങ്ങളിലായി 80,000ലേറെപ്പേരെ ചേർത്തതായി ‘റിപ്പോർട്ടേഴ്‌സ് കലക്‌ടീവി’ന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഒരു വ്യാജവിലാസത്തിൽ 20 മുതൽ 500 വരെ വോട്ടർമാരെ ഒരുമിച്ച് ചേർത്തു.
പിപ്ര നിയമസഭാ മണ്ഡലത്തിലെ ഗാലിംപുരിൽ ഒരു വീട്ടിൽ വ്യത്യസ്‌ത കുടുംബങ്ങളിലെ 509 വോട്ടർമാരെ ചേർത്തിട്ടുണ്ട്. അന്വേഷണത്തിൽ അങ്ങനൊരു വീട് കണ്ടെത്താനായില്ല. അതേ ഗ്രാമത്തിൽത്തന്നെ, മറ്റൊരു വ്യാജവിലാസത്തിൽ 459 വോട്ടർമാരെ ചേർത്തു.
പിപ്ര, ബാഗഹ, മോത്തിഹാരി മണ്ഡലങ്ങളിൽ ഒരു വ്യാജവിലാസത്തിൽ ഇരുപതിലധികം പേരെ ചേർത്ത 3,590 സംഭവങ്ങളുണ്ട്. ബാഗഹയിലെ നൂറി-ലധികം വോട്ടർമാരുള്ള ഒമ്പത് വീടുകൾക്ക് ഒരേ വിലാസം. മോത്തിഹാരിയിലെ ഒരു വീട്ടിൽ 294 വോട്ടർമാർ താമസിക്കുന്നതായി പട്ടിക പറയുന്നു. ഇവിടെ രജിസ്റ്റർചെയ്‌ത 10 ലക്ഷം വോട്ടർമാരിൽ എട്ടുശതമാനം പേരുടെ വിലാസം സംശയാസപദം.
മരിച്ചവരെന്നും സ്ഥലത്തില്ലെന്നും പറഞ്ഞ് 65 ലക്ഷം വോട്ടർമാരെ പുറന്തള്ളി തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട വോട്ടർപ്പട്ടികയാണ് പിഴവുകൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. ‘പൂജ്യം’ വീട്ടുനമ്പറിൽ താമസിക്കുന്നവരും 124 വയസ്സുള്ള സ്‌ത്രീയും ഉത്തർപ്രദേശ് അടക്കം മറ്റ് സംസ്ഥാനങ്ങളിലുള്ളവരും ബിഹാർ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടത് പുറത്തുവന്നിരുന്നു. മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കിയവർ സുപ്രീംകോടതിയിലുമെത്തി. ക്രമക്കേടുകൾ പുറത്തുവന്നതോടെ വോട്ടർപ്പട്ടിക ഓൺലൈനിൽ ലഭ്യമാക്കുന്നത് കമീഷൻ തടഞ്ഞിരിക്കുകയാണ്.









0 comments