എല്ലാവർക്കും 
രണ്ട്‌ തിരിച്ചറിയൽ കാർഡ്‌ , ആയിരത്തോളം പേർക്ക്‌ ഒരേ പേര്

ബിഹാറിൽ
 യുപി വോട്ടർമാർ ; ഒറ്റ മണ്ഡലത്തില്‍ അയ്യായിരത്തിലേറെ വ്യാജവോട്ടര്‍മാര്‍

bihar voter list scam
വെബ് ഡെസ്ക്

Published on Aug 14, 2025, 02:53 AM | 2 min read


ന്യൂഡൽഹി

ഉത്തർപ്രദേശിലെ ആയിരക്കണക്കിന്‌ വോട്ടർമാർ ബിഹാറിലെ ഒറ്റ മണ്ഡലത്തിലെ കരട്‌ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടതായി ‘റിപ്പോർട്ടേഴ്‌സ്‌ കളക്ടീവിന്റെ’ അന്വേഷണത്തിൽ കണ്ടെത്തി. വൽമീകി നഗർ മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിലാണ്‌ അയ്യായിരത്തിലേറെ യുപിക്കാർ ഉൾപ്പെട്ടതായി കണ്ടെത്തിയത്‌.


വ്യാജമായി ഉൾപ്പെടുത്തിയവർക്കെല്ലാം രണ്ട്‌ വോട്ടർ ഐഡി കാർഡുള്ളതായും കണ്ടെത്തി. ഇതിൽ ആയിരത്തോളം വോട്ടർമാരുടെ പേരുവിവരങ്ങൾ ഒന്നുതന്നെയാണ്‌. വിലാസത്തിൽ മാത്രം വ്യത്യാസം. പേര്‌, വയസ്സ്‌,‍ മാതാപിതാക്കളുടെയോ ഭർത്താവിന്റെയോ പേര്‌ എന്നിവയാണ്‌ മേൽവിലാസത്തിന്‌ പുറമെ പട്ടികയിലുണ്ടാവുക. ആയിരത്തോളം വോട്ടർമാരുടെ കാര്യത്തിൽ വിലാസമൊഴികെ മറ്റ്‌ വിവരങ്ങളെല്ലാം ഒന്നാണ്‌.


ആയിരത്തിലേറെ വോട്ടർമാരുടെ പേരുവിവരങ്ങളിൽ ചില്ലറ വ്യത്യാസം മാത്രമുണ്ട്‌. ചിലരുടെ പേരുവിവരങ്ങളിൽ അക്ഷരങ്ങളിൽ മാത്രം ചെറിയ മാറ്റങ്ങൾ. ചിലരുടെ പ്രായത്തിൽ ഒന്നോ രണ്ടോ വർഷങ്ങളുടെ വ്യത്യാസം.


ഇതെല്ലാം ചേർത്ത്‌ അയ്യായിരത്തിലേറെ വ്യാജവോട്ടർമാരും ഇരട്ടവോട്ടർമാരും വൽമീകി നഗർ മണ്ഡലത്തിലെ കരടുപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്‌ അന്വേഷണത്തിൽ തെളിഞ്ഞത്‌. 124 വയസ്സുള്ള സ്‌ത്രീയുടെ പേര്‌ പട്ടികയിൽ ഉൾപ്പെട്ടതടക്കം വ്യാപകമായ പരാതികളാണ്‌ ബിഹാർ വോട്ടർപ്പട്ടികയെപ്പറ്റി ഉയർന്നിരിക്കുന്നത്‌. കരടു പട്ടിക വിവാദമായതോടെ ഇത്‌ ഓൺലൈനിൽ ലഭ്യമാകുന്ന രീതിക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മാറ്റം വരുത്തി. ഇപ്പോൾ ഓൺലൈനിൽ ലഭ്യമാകുന്ന വിവരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനാകുന്നില്ല.


ഒരുവീട്ടിൽ
 240 വോട്ടർമാർ

തെരഞ്ഞെടുപ്പ്‌ കമീഷൻ ബിഹാറിൽ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആർ) നടത്തുന്നത്‌ സദുദ്ദേശ്യത്തോടെയല്ലെന്ന്‌ സുപ്രീംകോടതിയിൽ ഹർജിക്കാർ. ആഗസ്‌ത്‌ ഒന്നിന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിൽ സർവത്ര പ്രശ്‌നമാണെന്നും ഒറ്റ വീട്ടിൽ 240 പേരെവരെ ചേർത്തിട്ടുണ്ടെന്നും പ്രധാന ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എഡിആർ) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന്‌ കേസ്‌ കേട്ട ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവർ പറഞ്ഞു.


നോട്ടീസ്‌ നൽകാതെ 65 ലക്ഷം പേരെ കരട്‌ പട്ടികയിൽനിന്ന്‌ നീക്കംചെയ്യാൻ കമീഷന്‌ അധികാരമില്ലന്നും ഭൂഷൺ വാദിച്ചു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം എസ്‌ഐആർ വ്യവസ്ഥ ചെയ്യുന്നില്ലെന്നും ചരിത്രത്തിലാദ്യമായി കമീഷൻ സ്വന്തം ചട്ടങ്ങൾ ലംഘിക്കുകയാണെന്നും അഭിഷേക് മനു സിങ്‌വി വാദിച്ചു. പാസ്‌പോർട്ടടക്കമുള്ള രേഖകൾ ബിഹാറിലെ അഞ്ചുശതമാനം ജനങ്ങൾക്കുപോലുമില്ല. 60 ശതമാനം പേരും കൈവശംവയ്ക്കുന്ന ആധാർ അംഗീകരിക്കുന്നുമില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.


പശ്ചിമബംഗാളിലും സമാന പ്രക്രിയ ആരംഭിക്കാൻ പോകുന്നെന്ന്‌ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണൻ ചൂണ്ടിക്കാട്ടിയപ്പോൾ പിന്നീട്‌ പരിശോധിക്കാമെന്നായിരുന്നു മറുപടി.





deshabhimani section

Related News

View More
0 comments
Sort by

Home