കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രം ഗംഗാജലം ഒഴിച്ച് ശുദ്ധീകരിച്ചു

പട്‌ന: പദയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രം ഗംഗാജലം ഒഴിച്ച് ശുദ്ധീകരിച്ചു. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലാണ് അയിത്താചരണ സംഭവം.
ബിഹാറിൽ റാലിക്കിടെ ചൊവ്വാഴ്ച കനയ്യ കുമാർ ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിച്ചിരുന്നു. അദ്ദേഹം മടങ്ങിയതിന് തൊട്ടടുത്തദിവസം നഗർ പഞ്ചായത്ത് ബൻഗാവ് വാർഡ് കൗൺസിലർ അമിത് ചൗധരിയുടെ നേതൃത്വത്തിലാണ് ശുദ്ധീകരണം.

ഗംഗാജലം ഉപയോഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്. അയിത്തത്തിന്റെ പേരിലല്ല രാഷ്ട്രീയത്തിന്റെ പേരിലാണ് ശുദ്ധീകരണം നടത്തിയതെന്ന് സംഭവം വിവാദമായതോടെ ബി ജെ പി ന്യായീകരിച്ചു. കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചതായും അയിത്താചരണത്തിന് കാരണമായി പറഞ്ഞു.
ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ കോൺഗ്രസ് പദയാത്ര നയിക്കുകയാണ് കനയ്യ കുമാർ. മാർച്ച് 13 ന് പശ്ചിമ ചമ്പാരണിൽ നിന്നായിരുന്നു തുടക്കം.
കഴിഞ്ഞ വർഷം കനൂജിലെ ഗൌരീശങ്കർ മഹാദേവ് ക്ഷേത്രത്തിൽ എസ് പി നേതാവ് അഖിലേഷ് യാദവിനും സമാനമായ അനുഭവം ഉണ്ടായതായി പരാതി ഉണ്ടായി.









0 comments