ബിഹാർ എസ്‌ഐആർ; ആധാർ കാർഡ് ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാം: സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാറിൽ പ്രത്യേക തീവ്ര പരിശോധനക്ക് (എസ്‌ഐആർ) ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ആധാർ കാർഡോ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച മറ്റ് 11 രേഖകളിൽ ഏതെങ്കിലുമൊന്നോ ഉപയോഗിച്ച് പട്ടികയിൽ പേര് ചേർക്കാമെന്ന് സുപ്രീംകോടതി. അപേക്ഷ ഓൺലൈൻ വഴി നൽകിയാൽ മതിയെന്നും നേരിട്ട് നൽകേണ്ട ആവശ്യമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സഹായങ്ങൾ ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) വഴി രാഷ്‌ട്രീയ പാർടികൾ ചെയ്ത് കൊടുക്കണമെന്നും ബെഞ്ച് നിർദേശച്ചു. ബിഹാറിലെ 12 അംഗീകൃത രാഷ്‌ട്രീയ പാർടികൾക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കേസിൽ ഇതുവരെ ഹർജിക്കാരല്ലാത്ത സംസ്ഥാനത്തെ അംഗീകൃത രാഷ്‌ട്രീയ പാർടികളെയും കോടതി എതിർകക്ഷികളായി ചേർത്തു.
സംസ്ഥാനത്തുള്ള ആകെ 1.6 ലക്ഷം ബിഎൽഎമാരിൽ രണ്ട് പേർ മാത്രമേ വിഷയത്തിൽ എതിർപ്പുമായി വന്നുള്ളൂ എന്ന കാര്യവും സുപ്രീംകോടതി നിരീക്ഷിച്ചു. പ്രത്യേക തീവ്ര പരിശോധനയ്കക്ക് ശേഷം 65 ലക്ഷം പേരാണ് വോട്ടർ പട്ടികയിൽ നിന്ന് അയോഗ്യരായത്. ഇവരുടെ പേരുടെ വിവരങ്ങൾ ആഗസ്‌ത് 18ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതി നിർദേശപ്രകാരം പ്രസിദ്ധീകരിച്ചിരുന്നു.









0 comments