ബിഹാർ എസ്‌ഐആർ ; സുപ്രീംകോടതി വിധി നിർണായകമാകും

ന്യൂഡൽഹി
ബിജെപിക്കു വഴങ്ങി തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ നടപ്പാക്കിയ എസ്‌ഐആർ സുപ്രീംകോടതിവിധിക്ക് വിധേയം. ഒക്‌ടോബർ ഏഴിന് കേസിൽ അന്തിമവാദം ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൽ നടക്കാനിരിക്കേയാണ് അന്തിമവോട്ടർപ്പട്ടിക പുറത്തുവിട്ടത്.
കമീഷന്റെ കടുത്ത എതിർപ്പ് മറികടന്നാണ് കോടതി പട്ടികയിൽ ഉൾപ്പെടാൻ ആധാറും സാധുവായ രേഖയാക്കിയത്. കൂട്ട പുറത്താക്കലുണ്ടാകരുതെന്ന് നിർദേശവും നൽകി. അതിന് കടകവിരുദ്ധമായാണ് 68.66 ലക്ഷം പേരെ പുറത്താക്കിയത്. അന്തിമപട്ടിക പ്രസിദ്ധീകരിച്ചാലും നിയമവിരുദ്ധതയുണ്ടെങ്കിൽ എസ്‌ഐആർ റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പുണ്ട്. വാദത്തിന്റെ ഒരുഘട്ടത്തിൽ കമീഷനിലുള്ള വിശ്വാസ്യതക്കുറവാണ് എല്ലാ പ്രശ്‌നങ്ങൾക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പുറത്താക്കപ്പെട്ടവർക്ക് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചാലും എതിർപ്പ് അറിയിക്കാമെന്ന് കമീഷൻ കോടതിയെ അറിയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുന്പുവരെ സമയം നൽകും. സിപിഐ എം അടക്കം ഒന്പതു രാഷ്‌ട്രീയ പാർടികളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.









0 comments