70 സീറ്റ് കിട്ടണമെന്ന് പിടിവാശി ; ബിഹാറിൽ വഴിമുടക്കി കോൺഗ്രസ്

ന്യൂഡൽഹി
ബിഹാറിൽ പ്രതിപക്ഷത്തിന്റെ സഖ്യനീക്കങ്ങൾക്ക് തുടക്കത്തിൽത്തന്നെ തുരങ്കംവച്ച് കോൺഗ്രസ്. 2020ന് സമാനമായി ഇത്തവണയും 243ൽ 70 സീറ്റ് വേണമെന്നാണ് പിടിവാശി. വോട്ട് അധികാർ യാത്രയുടെ വിജയം സംസ്ഥാനത്തുണ്ടാക്കിയ തരംഗത്തിന്റെ അവകാശികളാണ് തങ്ങളെന്ന കോൺഗ്രസിന്റെ അപക്വ നിലപാട് സീറ്റുവിഭജന ചർച്ച വഴിമുട്ടിച്ചു. ജെഎംഎം, രാഷ്‌ട്രീയ ലോക് ജനശക്തി പാർടി എന്നിവകൂടി മഹാസഖ്യത്തിലെത്താനിരിക്കെ കോൺഗ്രസ് നിലപാട് എൻഡിഎയ്‌ക്ക് സഹായകമാവുകയാണ്.
മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രതിപക്ഷനേതാവ് തേജസ്വി യാദവിനെ ഉയർത്തിക്കാട്ടാനും കോൺഗ്രസ് വിസമ്മതിക്കുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന എഐസിസി സെക്രട്ടറി കൃഷ്‌ണ അല്ലറാവുവിന്റെ പ്രതികരണം ആർജെഡിയിൽ കടുത്ത അതൃപ്‌തിയുണ്ടാക്കി. പുതിയ പാർടികൾ വന്നാൽ ആർജെഡി സ്വന്തം സീറ്റുകൾ വിട്ടുനൽകണമെന്നും അല്ലറാവു പറഞ്ഞു. എല്ലാ മണ്ഡലത്തിലും താൻ തന്നെയാണ് മത്സരിക്കുന്നതെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
വോട്ട് അധികാർ യാത്ര വിജയമായത് ആർജെഡിയുടെ സംഘടനാശേഷികൊണ്ടാണ്. കോൺഗ്രസ് യാത്രയുടെ വിജയം അവകാശപ്പെടുന്നത് അധാർമികമാണെന്നും ആർജെഡി നേതാക്കൾ കരുതുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 144 സീറ്റിൽ മത്സരിച്ച ആർജെഡി 75 സീറ്റ് ജയിച്ചപ്പോൾ സിപിഐ എംഎൽ ലിബറേഷൻ, സിപിഐ എം, സിപിഐ പാർടികൾ ചേർന്ന് മത്സരിച്ച 29 സീറ്റിൽ 16 എണ്ണത്തിലും ജയിച്ചു. കോൺഗ്രസ് 19ലൊതുങ്ങി. മഹാസഖ്യം 110 സീറ്റുനേടിയപ്പോൾ 125 സീറ്റുമായി എൻഡിഎ ഭരണത്തിലേറി.









0 comments