ബെറ്റിങ്ങ് ആപ്പ് കേസ്: നടൻ സോനു സൂദ് ചോദ്യം ചെയ്യലിന് ഹാജരായി

PHOTO: Facebook
ന്യൂഡൽഹി: ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ നടൻ സോനു സൂദ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി. 1xBet എന്ന ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട കേസിലാണ് നടനെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ അഭിഭാഷക സംഘത്തോടൊപ്പമാണ് സോനു സൂദ് ഇ ഡി ഓഫീസിൽ എത്തിയത്.
ചൊവ്വാഴ്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ നിയമവിരുദ്ധ ബെറ്റിങ് ആപ്പ് 1xBet സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎൽഎയും മറ്റ് നിയമങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് 1xBet എന്ന പ്ലാറ്റ്‌ഫോം ഒന്നിലധികം ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവർത്തനങ്ങളും ഇ ഡി പരിശോധിച്ചുവരികയാണ്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു. റോബിൻ ഉത്തപ്പയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ആപ്പിനെ ചില സെലിബ്രിറ്റികൾ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരിക്കാമെന്നും അതുവഴി ഉപയോക്താക്കൾക്കിടയിൽ അതിന് വിശ്വാസ്യത ലഭിച്ചിട്ടുണ്ടെന്നും ഏജൻസി സംശയിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, അൽഗോരിതങ്ങളിൽ കൃത്രിമം കാണിക്കൽ എന്നിവ ആരോപിച്ചാണ് കേസ്.
കഴിഞ്ഞ കുറേ വർഷങ്ങളായി കേസിൽ അന്വേഷണം നടന്നുവരികയാണ്. പകരം വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ഷോർ സ്ഥാപനങ്ങളിലൂടെയും പ്ലാറ്റ്‌ഫോം ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ആപ്പ് പ്രവർത്തിപ്പിച്ചവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് ഇ ഡി കേസിൽ അന്വേഷണം ആരംഭിച്ചത്.









0 comments