‘പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നുണ്ടോ, പൊലീസ് അന്വേഷണം അട്ടിമറിച്ചു'; മമതാ ബാനര്‍ജിക്കെതിരെ സിപിഐ എം

കൊൽക്കത്ത: ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനിയുടെ കൂട്ടബലാത്സംഗത്തിൽ വിവാദ പരാമർശം നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിപിഐ എം.
പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, മമത സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നുണ്ടോ? ബംഗാളിൽ പോലീസും ക്രമസമാധാനവും തകർന്നിരിക്കുകയാണ്. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ബംഗാളില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ സ്വതന്ത്രമായി പുറത്തിറങ്ങാനാകുന്നില്ല. മെഡിക്കൽ വിദ്യാർഥിനിക്കുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. ബംഗാളിൽ നടക്കുന്നത് താലിബാൻ ഭരണമാണോ എന്നാണ് സംശയം-സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.
23 വയസ്സുള്ള വിദ്യാർഥിനി രാത്രി എങ്ങനെ കാമ്പസിന് പുറത്തിറങ്ങിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യവും രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന പരാമർശവുമാണ് വിവാദത്തിലായത്.
‘‘വിദ്യാർഥിനി ഒരു സ്വകാര്യ മെഡിക്കൽ കോളജിലാണ് പഠിക്കുന്നത്. പുലർച്ചെ 12.30 ന് അവൾ എങ്ങനെയാണ് ക്യാംപസിനു പുറത്തിറങ്ങിയത് ? ആരുടെ ഉത്തരവാദിത്തമാണ് അത്? സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വിദ്യാർഥിനികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുത്, അതൊരു വനമേഖലയാണ്. ഒഡീഷയിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു. ഒഡീഷ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്. ഇവിടെ കുറ്റക്കാർ ശിക്ഷിക്കപ്പെടും. ഞങ്ങൾ കർശന നടപടിയെടുക്കും. മണിപ്പുർ, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട് – മമത പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് മമതാ ബാനർജിക്ക് നേരെ ഉണ്ടാകുന്നത്. മമത ഇരയെ അപമാനിച്ചെന്നുള്ള വാദവുമായി വിവിധ സംഘടനകൾ രംഗത്ത് വന്നിരുന്നു.
ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ക്യാമ്പസിനോട് ചേർന്ന ആശുപത്രി വളപ്പിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‍തത്.ഒഡീഷയിലെ ജാലേശ്വർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.









0 comments