പശ്ചിമ ബംഗാളിൽ കോളേജ് വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചുകൊന്നു

പ്രതീകാത്മകചിത്രം
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കോളേജ് വിദ്യാർഥിനിയെ സുഹൃത്ത് വീട്ടിൽകയറി വെടിവച്ചുകൊന്നു. നാദിയ ജില്ലയിൽ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ മണിക്പാറയിൽ തിങ്കൾ പകലാണ് സംഭവം. 19 കാരിയായ ഇഷ മല്ലിക്കാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ദേബ്‍രാജാണ് ഇഷയെ കൊലപ്പെടുത്തിയത്. സ്കൂൾ കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഇവർ വേർപിരിഞ്ഞു. ഇഷയുടെ സഹോദരനുമായി പരിചയമുള്ളതിനാൽ ദേബ്‍രാജ് നിരന്തരം ഇവരുടെ വീട്ടിലെത്തുമായിരുന്നു. എന്നാൽ ഇഷ അവഗണിക്കുന്നതിൽ പ്രകോപിതനായ ദേബ്‍രാജ് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇഷയുടെ വീടിനുള്ളിൽ വച്ചായിരുന്നു കൊലപാതകം. വെടിയൊച്ച കേട്ട് എത്തിയ ഇഷയുടെ വീട്ടുകാർ ഡ്രോയിംഗ് റൂമിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് ഇഷയെ കണ്ടെത്തിയത്. കയ്യിൽ റിവോൾവറുമായി ദേബ്‍രാജ് ഓടിപ്പോകുന്നത് കണ്ടുവെന്നും വീട്ടുകാർ പൊലീസിൽ മൊഴി നൽകി. ഇഷയെ ഉടൻ തന്നെ ശക്തിനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി കൃഷ്ണനഗർ എസ്പി കെ അമർനാഥ് പറഞ്ഞു. ഇഷയുടെ ശരീരത്തിൽ വെടിയേറ്റ രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. ദേബ്‍രാജിനായി തിരച്ചിൽ തുടരുകയാണെന്നും എസ്പി പറഞ്ഞു. മോഹൻപൂർ നിവാസിയാണ് ദേബ്‍രാജ്. കൃഷ്ണനഗർ വനിതാ കോളേജിലെ വിദ്യാർഥിനിയാണ് ഇഷ.









0 comments