മിഷൻ കർമ്മയോഗിയിലൂടെ നടപ്പാക്കാനൊരുങ്ങുന്ന ഹിന്ദുത്വ നയങ്ങളെ എതിർക്കും; ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കില്ല : ബിഇഎഫ്ഐ

befi.
വെബ് ഡെസ്ക്

Published on Oct 13, 2025, 11:25 AM | 2 min read

ന്യൂഡൽഹി: മിഷൻ കർമ്മയോഗിയിലൂടെ ബാങ്ക് ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഹിന്ദുത്വ നയങ്ങളെ ശക്തമായി അപലപിക്കുകയും എതിർക്കുന്നതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഹനുമാനെ പോലെയുള്ള ഐതീഹ്യപരവും മതപരവുമായ കഥാപാത്രങ്ങളെ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനെതിരെ മുൻപ് തന്നെ വിമർശനം ഉയർന്നിരുന്നു. ഇത്തരം പരിപാടികൾ ജീവനക്കാരിൽ ഭിന്നിപ്പുണ്ടാകാനും നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലയായ മതേതരവും ബഹുസ്വരവുമായ ധാർമ്മികതയെയും തകർക്കാനും കാരണമാകുമെന്നാണ് ബിഇഎഫ്ഐയുടെ നിലപാടെന്ന് സെക്രട്ടറി എസ് ഹരി റാവു പ്രസ്താവനയിൽ പറഞ്ഞു.


പ്രസ്താവനയുടെ പൂർണ രൂപം:


"മിഷൻ കർമ്മയോഗി: ആശങ്കകളും എതിർപ്പുകളും.


ഭാരത സർക്കാർ  510 കോടി രൂപ ചെലവിൽ ആരംഭിച്ച പരിശീലന പദ്ധതിയാണ് മിഷൻ കർമ്മയോഗി. സർക്കാർ ഉദ്യോഗസ്ഥർക്കും വകുപ്പുകളിലെ ജീവനക്കാർക്കും വേണ്ടി കർമ്മയോഗി ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാര്യക്ഷമത, പൊരുത്തപ്പെടാനുള്ള കഴിവ്, പൊതുജന സേവനങ്ങളുടെ വിതരണം എന്നിവ ഉയർത്തുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, പരിശീലന മൊഡ്യൂളുകളുടെ യഥാർത്ഥ ഉള്ളടക്കത്തിനും രൂപകൽപ്പനക്കും മറ്റൊരു ഉദ്ദേശ്യമാണുള്ളത്.


കർമ്മയോഗി പ്ലാറ്റ്‌ഫോമിലെ കോഴ്സുകളിൽ, ഇതിഹാസങ്ങളിൽ നിന്നും എടുത്ത ഉള്ളടക്കങ്ങൾ വളരെയധികം ഉൾപ്പെടുത്തിയിരിക്കുന്നു. ഐതീഹ്യപരമായ സംഭവങ്ങളെ ധാർമ്മികമോ ഭരണപരമോ ആയ പാഠങ്ങളായിട്ടാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഭരണനിർവ്വഹണത്തിനും നേതൃത്വത്തിനും വേണ്ടിയുള്ള രൂപകങ്ങളായി പൗരാണിക കഥാപാത്രങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങൾ പ്രസ്തുത പരിപാടിയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുത്തവർ നിർബന്ധമായും സ്മാർട്ട്‌ഫോണുകൾ കൈവശം വെക്കുകയും iGOT കർമ്മയോഗി ആപ്പ് ഡൗൺലോഡ് ചെയ്ത് ഈ പഠന സാമഗ്രികൾ ഉപയോഗിക്കുകയും വേണം. ഇത്, ഒരു നൈപുണ്യ വികസന പരിപാടിയായി മാറേണ്ടതിനെ സാംസ്കാരികവും ആശയപരവുമായ സ്വാധീനത്തിനുള്ള ശ്രമമായാണ് അധികൃതർ കാണുന്നത്.


എല്ലാ വകുപ്പുകളും, പ്രത്യേകിച്ച് ബാങ്കിംഗ് മേഖല, അതിവേഗ സാങ്കേതികപരമായ പരിവർത്തനത്തിന് വിധേയമാകുന്ന ഇക്കാലത്ത്, ജീവനക്കാർക്ക് ആവശ്യമായി വരുന്നത് നൂതന സാങ്കേതികവിദ്യ, അനലിറ്റിക്‌സ്, സൈബർ സുരക്ഷ, ഉപഭോക്തൃ സേവനം, ബിസിനസ് വികസനം എന്നിവയിലുള്ള പരിശീലനമാണ്. ആർബിഐയുടെ കണക്കനുസരിച്ച്, 90%-ൽ അധികം ഇടപാടുകളും ഡിജിറ്റലായി നടക്കുന്നതും ആയിരക്കണക്കിന് ഫിൻടെക് സ്ഥാപനങ്ങൾ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകുന്നതും വഴി ബാങ്കിംഗ് വ്യവസായം ഡിജിറ്റൽ നവീകരണത്തിന്റെ മുൻനിരയിലാണ് നിലകൊള്ളുന്നത്. ഓരോ ബാങ്കിനും ബിസിനസ് വളർച്ചയ്ക്കും നൈപുണ്യ വികസനത്തിനുമായി സ്വന്തമായി മികച്ച പരിശീലന കേന്ദ്രങ്ങളും വിദഗ്ദ്ധ ഫാക്കൽറ്റികളുമുണ്ട്.


ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിൽ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൻ്റെ (DFS) നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഈ മിഷൻ കർമ്മയോഗി പരിപാടി, ശേഷി വർധിപ്പിക്കാനുള്ള ഒരു യഥാർത്ഥ ശ്രമത്തേക്കാളേറെ മൃദു ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനുള്ള ഒരു മാർഗമാണ്. മതേതരത്വത്തോട് ഭരണഘടനാപരമായി പ്രതിബദ്ധതയുള്ള ഒരു രാജ്യത്ത്, ഐതീഹ്യപരവും മതപരവുമായ ഉള്ളടക്കങ്ങൾ തെരഞ്ഞെടുത്തത് ഉപയോഗിക്കുന്നത് അപകടകരമായ ശ്രമമാണ്. ഇത്തരം പരിപാടികൾ ജീവനക്കാരിൽ ഭിന്നിപ്പുണ്ടാകാനും നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലയായ മതേതരത്വപരവും ബഹുസ്വരവുമായ ധാർമ്മികതയെയും തകർക്കാനും കാരണമാകും.


പൊതുജന സേവന വിതരണം മെച്ചപ്പെടുത്താനായി ഉദ്ദേശിച്ചുള്ള പരിശീലന പരിപാടികൾ എല്ലാം തന്നെ ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും ജീവനക്കാരെയും തുല്യതയോടെ പരിഗണിക്കുമെന്ന് ഉറപ്പുള്ള ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം.


മിഷൻ കർമ്മയോഗിയിലൂടെ ബാങ്ക് ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നയങ്ങളെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നു. ആശയപരമായ പ്രചാരണത്തെ തൊഴിൽപരമായ പരിശീലനമായി മറച്ചുപിടിക്കാനുള്ള ഏതൊരു ശ്രമത്തെയും സംഘടന തള്ളിക്കളയുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയമോ ആശയപരമോ ആയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം എല്ലാ പരിശീലനവും പൊതുജനങ്ങളെ ഫലപ്രദമായി സേവിക്കുന്നതിൽ ജീവനക്കാരുടെ കഴിവുകൾ ശക്തിപ്പെടുത്താൻ വേണ്ടി മാത്രം തയ്യാറാക്കണമെന്ന് ബിഇഎഫ്ഐ ആവശ്യപ്പെടുന്നു."



deshabhimani section

Related News

View More
0 comments
Sort by

Home