സ്വാതന്ത്ര്യദിനത്തിൽ കല്യാണിലെ മാംസ വിൽപ്പന നിരോധനം; വ്യാപക പ്രതിഷേധം

meat ban
വെബ് ഡെസ്ക്

Published on Aug 13, 2025, 06:39 PM | 1 min read

മുംബൈ: സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷന്റെ (കെഡിഎംസി) ഉത്തരവ് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. ഇത്തരം പ്രഖ്യാപനങ്ങൾ ജനങ്ങളുടെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷമായ എൻസിപി (എസ്പി), ശിവസേന (യുബിടി) നേതാക്കൾ ആരോപിച്ചു.


സ്വാതന്ത്ര്യദിനത്തിൽ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) കോഴിയിറച്ചിയുടെയും മട്ടന്റെയും വിൽപ്പന നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെഡിഎംസി ഉത്തരവ് പ്രകാരം ആട്, കോഴി തുടങ്ങി ഇറച്ചികൾ വിൽക്കുന്ന എല്ലാ കടകളും കശാപ്പുശാലകളും ആ​ഗസ്റ്റ് 14 അർദ്ധരാത്രി മുതൽ 15 അർദ്ധരാത്രി വരെ അടച്ചിടണം. ഈ കാലയളവിൽ ഏതെങ്കിലും മൃ​ഗത്തെ കൊല്ലുകയോ ഇറച്ചി വിൽക്കുകയോ ചെയ്താൽ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.


കല്യാൺ-ഡോംബിവ്‌ലി മാംസാഹാര നിരോധനത്തിനെതിരെ ആഗസ്റ്റ് 15ന് നിരാഹാര സമരം നടത്തുമെന്ന് ഖതിക് സമുദായം അറിയിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സ്വാതന്ത്ര്യദിനത്തിൽ മുനിസിപ്പൽ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധമായി കോഴികളെയും ആടുകളെയും കൊണ്ടുവന്ന് നിരാഹാര സമരം നടത്തുമെന്നും സമുദായ പ്രതിനിധികൾ പറഞ്ഞു.


നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും അതേ ദിവസം തന്നെ കോഴിയിറച്ചിയുടെയും ആട്ടിറച്ചിയുടെയും വിൽപ്പനയ്ക്ക് സമാനമായ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഉത്തരവുകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഒരിക്കലും സമാന ഉത്തരവുകൾ പുറപ്പെടുവിക്കാൻ പാടില്ലാത്തതാണെന്നും എഐഎംഐഎം നേതാവ്‌ അസദുദ്ദീൻ ഒവൈസി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home