മോശം പരാമർശം: രൺവീർ അല്ലാബാദിയക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ മോശം പരാമർശത്തിൽ രൺവീർ അല്ലാബാദിയക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. അതേ സമയം രൺവീറിന്റെ അറസ്റ്റ് താത്കാലികമായി കോടതി തടഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോട്ടീശ്വർ എന്നിവരടങ്ങിയ ബെഞ്ചാണ് രൺവീറിന് ഇടക്കാല ആശ്വാസം അനുവദിച്ചത്. പരിപാടിയിൽ രൺവീർ ഉപയോഗിച്ച വാക്കുകൾ രക്ഷിതാക്കൾക്കും സഹോദരർക്കും നാണക്കേടുണ്ടാക്കുന്നത്. അങ്ങേയറ്റം അശ്ലീലം നിറഞ്ഞ പരാമർശമാണ് രണവീർ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ എന്തും സംസാരിക്കാൻ ആർക്കും അവകാശം ഇല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. നിരവധി കുറ്റങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് പൂർണമായി സഹകരിക്കണമെന്ന് രൺവീറിനോട് കോടതി നിർദേശിച്ചു. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത്. പരിപാടിയിൽ മോശം പരാമർശം നടത്തിയതിൽ രൺവീർ അല്ലാബാദിയ, സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ച് നടത്തിയ അശ്ലീല പരാമർശത്തെത്തുടർന്ന് രൺവീർ അല്ലാബാദിയയുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. കൊമേഡിയൻ സമയ് റെയ്നയാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്.
സംഭവത്തിൽ മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും രൺവീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രൺവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments