റെയിൽവേയിൽ മോശം ഭക്ഷണം; 19,427 പരാതികൾ;പരിഹരിക്കാതെ കേന്ദ്രം

ന്യൂഡൽഹി : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 19,427 പരാതികളാണ് മോശം ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടിയിലാണ് പരാതികളുടെ വിശദാംശങ്ങള്‍ അറിഞ്ഞത്.
ഇവയില്‍ 3137 പരാതികളില്‍ പിഴ ചുമത്തിയെന്നും, 9627 പരാതികളില്‍ മുന്നറിയിപ്പ് നല്‍കിയെന്നും, 4467 പരാതികളില്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നും, 2195 പരാതികള്‍ തെളിവില്ലാതെ എഴുതി തളളിയെന്നുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം. 2020-21ല്‍ 253 പരാതികളാണ് മാത്രമാണ് ലഭിച്ചതെങ്കില്‍ 2021-22ല്‍ അത് 1082 ആയി വർധിച്ചു. 2022-23ല്‍ 4421, 2023-24ല്‍ 7026, 2024-25ല്‍ 6645 എന്നിങ്ങനെ വർഷം തോറും പരാതികള്‍ വര്‍ധിച്ചു. എന്നിട്ടും അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സ് റദ്ദാക്കിയത് ഒരു പരാതിയില്‍ മാത്രമെന്ന് അശ്വനി വൈഷ്ണവിന്റെ മറുപടിയിൽ നിന്ന് വ്യക്തമാണെന്നും ബ്രിട്ടാസ് ഫേസ് ബുക്കിൽ കുറിച്ചു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ വന്ദേ ഭാരതിലെയും മറ്റ് ദീര്‍ഘദൂര സര്‍വീസുകളിലേയും കാറ്ററിംഗ് കരാറുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ചത്. കാറ്ററിംഗ് കരാറുകള്‍ കോര്‍പ്പറേറ്റുകള്‍ നേടുന്നുവെന്ന ആരോപണം ശക്തമായിരിക്കുന്ന ഈ സമയത്ത് ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നിലവില്‍ 20 സ്ഥാപനങ്ങളുമായി കരാറുകള്‍ ഉണ്ടെന്ന് സമ്മതിച്ചെങ്കിലും, ഇവ എങ്ങനെയുള്ള സ്ഥാപനങ്ങളാണെന്നോ ഏതെങ്കിലും കോര്‍പ്പറേറ്റുകളുടെ അനുബന്ധ സ്ഥാപനങ്ങളാണോയെന്നും വെളിപ്പെടുത്താന്‍ കേന്ദ്ര റെയില്‍മന്ത്രി തയ്യാറായില്ല. അതിനുപകരം പൊതുവായ ടണ്ടർ നടപടികളെക്കുറിച്ചുള്ള വിശദീകരണം മാത്രമാണ് നൽകിയതെന്നും ബ്രിട്ടാസ് ആരോപിച്ചു.

യാത്രക്കാരുടെ ആരോഗ്യത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് നേരെ ഉദാസീന നിലപാടാണ് റെയിൽവേ സ്വീകരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇത് സർക്കാറിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും, മികച്ച സേവനം പ്രതീക്ഷിക്കുന്ന പൊതു ജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്യുന്നുവെന്നും എംപി പോസ്റ്റിൽ കൂട്ടിച്ചേർത്തു.









0 comments