ബാബാ സിദ്ദിഖിയുടെ കൊലപാതകം; സംശയിക്കുന്നവരുടെ പേരുകൾ പൊലീസിന് നൽകി മകൻ സീഷൻ

ബാബാ സിദ്ദിഖിയും സീഷനും. Zeeshan Siddique facebook
മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ മകൻ സീഷന്റെ മൊഴിയിൽ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും പേര്. നാലു പേജുള്ള സ്റ്റേറ്റ്മെന്റിൽ ബാബാ സിദ്ദിഖി നിരവധി രാഷ്ട്രീയക്കാരുമായും ബിൽഡർമാരുമായും തുടർച്ചയായി ബന്ധം പുലർത്തിയിരുന്നതായും ഇതിൽ ബിജെപി നേതാക്കളടക്കം ഉണ്ടെന്നും പറയുന്നു. ബാബ സിദ്ദിഖി കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ് സീഷന്റെ മൊഴി.
2024 ഒക്ടോബർ 12നാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ചാണ് വെടിയേറ്റത്. ബാന്ദ്രയിലെ ചേരി വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയക്കാരും ബിൽഡർമാരും നിരന്തരം പിതാവുമായി ബന്ധപ്പെട്ടിരുന്നുവെന്നും ചേരി വികസന പദ്ധതിയെ എതിർത്തതിന് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സീഷൻ മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് (എംഎൽസി) നോമിനേറ്റ് ചെയ്യപ്പെടാനിരിക്കെയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതെന്നും സീഷൻ വ്യക്തമാക്കി. മുന്ദ്ര ബിൽഡേഴ്സിന്റെ പ്രോജക്ടിനെപ്പറ്റി ബിജെപി നേതാവ് മോഹിത് കംബോജുമായി കൊല്ലപ്പെട്ട ദിവസം സംസാരിച്ചിരുന്നുവെന്നും സീഷൻ പറഞ്ഞു. മുന്ദ്ര ബിൽഡേഴ്സ് ബാബാ സിദ്ദിഖിയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ തനിക്ക് ലഭിച്ചെന്നും സീഷൻ ആരോപിച്ചു. തന്റെ അച്ഛന് സ്ഥിരമായി ഡയറി എഴുതുന്ന ശീലമുണ്ടെന്നും കൊല്ലുപ്പെട്ട ദിവസം രാവിലെയും ഡയറിയിൽ പല കാര്യങ്ങളും എഴുതിയിരുന്നതായും സീഷൻ പറയുന്നു.









0 comments