‘സർബത്ത് ജിഹാദ്’ പരാമർശം ; രാംദേവിനെ നിര്‍ത്തിപ്പൊരിച്ച് കോടതി

ന്യൂഡൽഹി :
വർഗീയവിദ്വേഷ പരാമർശങ്ങൾ പതിവാക്കിയ വിവാദ യോഗാഭ്യാസി രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശം. ഹംദർദ് കമ്പനിയുടെ ‘റൂഹ് അഫ്‌സാ’സർബത്തിനെക്കുറിച്ച് നടത്തിയ വർഗീയ പരാമർശങ്ങൾക്ക് എതിരായ ഹർജി പരിഗണിക്കവേയാണ് കോടതി രാംദേവിനെ നിര്‍ത്തിപ്പൊരിച്ചത്.
‘ആരുടെയും നിയന്ത്രണമില്ലാതെ സ്വന്തം ലോകത്ത് ഇഷ്ടാനുസരണം വിഹരിക്കുന്ന മട്ടിലാണ് രാംദേവിന്റെ പ്രവൃത്തികള്‍’–- ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു. മറ്റു കമ്പനികൾക്ക് എതിരെ വർഗീയച്ചുവയുള്ള പരാമർശം നടത്തില്ലെന്നും പരസ്യങ്ങൾ കൊടുക്കില്ലെന്നും ഉറപ്പുനൽകി സത്യവാങ്‌മൂലം സമർപ്പിക്കാൻ രാംദേവിനോട് ജഡ്‌ജി നിർദേശിച്ചു.
പതഞ്‌ജലിയുടെ പുതിയ സർബത്ത് പ്രചരിപ്പിക്കവെയാണ് രാംദേവ് വിദ്വേഷ പരാമർശം നടത്തിയത്. ‘സർബത്ത് വിൽക്കുന്ന മറ്റൊരു കമ്പനിയെക്കുറിച്ച് നിങ്ങൾക്ക് അറിയാം. നിങ്ങൾ അവരുടെ സർബത്ത് കുടിച്ചാൽ ആ പണം വിനിയോഗിച്ച് അവർ പള്ളികളും മദ്രസകളും കെട്ടിപ്പൊക്കും. പക്ഷേ, നിങ്ങൾ പതഞ്‌ജലി സർബത്ത് കുടിച്ചാൽ കൂടുതൽ ആശ്രമങ്ങളും ഗുരുകുലങ്ങളും ഉണ്ടാകും. ലവ് ജിഹാദ് ഉള്ളത് പോലെ ഇവിടെ സർബത്ത് ജിഹാദുമുണ്ട്’ എന്നായിരുന്നു ഏപ്രിൽ 22ന് നടത്തിയ പരാമര്‍ശം. ആധുനിക ചികിത്സാസമ്പ്രദായത്തിനെതിരായ രാംദേവിന്റെ വിവാദ പരാമര്‍ശങ്ങളെ നേരത്തെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.









0 comments