ശുഭാംശുവിന്റെ യാത്ര മറ്റന്നാൾ; ദൗത്യം ഒരുദിവസം വൈകും

ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര ബുധനാഴ്ചത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണ് ദൗത്യം മാറ്റിയത്. ബുധൻ വൈകിട്ട് 5.30ന് വിക്ഷേപണം നടക്കും. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ചെവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.52നായിരുന്നു നേരത്തെ ദൗത്യം നിശ്ചയിച്ചിരുന്നത്.
വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുമ്പോഴാണ് കാലാവസ്ഥ പ്രതികൂലമായത്. വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ വി നാരായണൻ എക്‌സ് പോസ്‌റ്റിൽ സ്ഥിരീകരിച്ചു. ഫാൽക്കൻ 9 റോക്കറ്റാണ് ബുധനാഴ്ച ശുക്ലയടക്കം നാല് പേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. വിക്ഷേപണത്തിന്റെ ആദ്യ മിനിറ്റിൽ റോക്കറ്റിന്റെ ആദ്യഘട്ടം വേർപെട്ട് ഭൂമിയിൽ തിരികെ എത്തും. പുനരുപയോഗക്കിക്കാൻ കഴിയുന്ന റോക്കറ്റ് ഭാഗമാണിത്. ഒൻപതാം മിനിട്ടിൽ ഡ്രാഗൺ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് നിശ്‌ചിത ഭ്രമണപഥത്തിലേക്ക് നീങ്ങും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം പിന്നീട് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. തുടർന്ന് ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിക്കും. 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം മടങ്ങും.
രാകേഷ് ശർമക്ക് ശേഷം ആദ്യമായി ബഹിരാകാശത്ത് എത്തുന്ന ഇന്ത്യാക്കരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരനും. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിന്റെ സാവോസ് യു വിസ്‌നിവ്‌സ്‌കി ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് ശുക്ലക്കൊപ്പമുള്ളത്. പെഗ്ഗിയാണ് കമാൻഡർ. നാസ, സ്‌പേയ്‌സ്എക്‌സ്, ആക്‌സിയം സ്‌പേയ്‌സ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പധതിയാണ് ആക്‌സിയം 4 ദൗത്യം. ഇതിനായി 550 കോടിയാണ് ഐഎസ്‌ആർഒ ചെലവഴിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള പഠന ദൗത്യമാണിത്









0 comments