റോക്കറ്റിൽ ഇന്ധന ചോർച്ച; ശുഭാംശുവിന്റെ യാത്ര വൈകും

ഫ്ലോറിഡ: വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് യാത്രമാറ്റിവെച്ചത്. പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഫ്ലോറിഡയിലെ നാസ കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് ഇന്ന് വൈകിട്ട് 5.30നായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. ചൊവ്വാഴ്‌ച നടത്താനിരുന്ന വിക്ഷേപണവും സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം മാറ്റിവച്ചിരുന്നു. ഫാൽക്കൺ റോക്കറ്റിലെ ദ്രവഓക്‌സിജൻ ചോർന്നതും കനത്ത കാറ്റിനുള്ള സാധ്യതയുമാണ് പ്രശ്‌നം സൃഷ്ടിച്ചത്.
ഫാൽക്കൺ 9 റോക്കറ്റിൽ ശുക്ലയടക്കം നാല് പേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. വിക്ഷേപണത്തിന്റെ ആദ്യ മിനിറ്റിൽ റോക്കറ്റിന്റെ ആദ്യഘട്ടം വേർപെട്ട് ഭൂമിയിൽ തിരികെ എത്തും. പുനരുപയോഗക്കിക്കാൻ കഴിയുന്ന റോക്കറ്റ് ഭാഗമാണിത്. ഒൻപതാം മിനിട്ടിൽ ഡ്രാഗൺ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് നിശ്‌ചിത ഭ്രമണപഥത്തിലേക്ക് നീങ്ങും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം പിന്നീട് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. തുടർന്ന് ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിക്കും. 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം മടങ്ങും.
രാകേഷ് ശർമയ്‌ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും. ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് ഡയറക്‌ടറുമായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിന്റെ സാവോസ് യു വിസ്‌നിവ്‌സ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് ശുക്ലയ്‌ക്കൊപ്പമുള്ളത്. പെഗ്ഗിയാണ് കമാൻഡർ.









0 comments