സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അഭിഭാഷകന് സസ്‌പെൻഷൻ

ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, രാകേഷ് കിഷോർ
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. സുപ്രീംകോടതി അഭിഭാഷകൻ രാകേഷ് കിഷോറിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. നടപടികൾ അവസാനിക്കുന്നതുവരെ രാജ്യത്തുടനീളമുള്ള ഏതെങ്കിലും കോടതിയിലോ, ട്രൈബ്യൂണലിലോ, നിയമപരമായ അതോറിറ്റിയിലോ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി.
രാകേഷ് കിഷോറിന്റെ പെരുമാറ്റം കോടതിയുടെ അന്തസിനും പ്രൊഫഷണൽ പെരുമാറ്റത്തിനും യോജിച്ചതല്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര പറഞ്ഞു. സംഭവത്തിൽ അഭിഭാഷകന് ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകും. പതിനഞ്ച് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. ഉത്തരവ് കാലതാമസമില്ലാതെ നടപ്പിലാക്കാൻ ഡൽഹി ബാർ കൗൺസിലിനോട് നിർദ്ദേശിച്ചു.
Related News
തിങ്കളാഴ്ച രാവിലെ കോടതി നടപടികൾക്കിടയിലായിരുന്നു ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ആക്രമണം. ഷൂ എറിയാൻ ശ്രമിച്ച രാകേഷ് കിഷോറിനെ സുരക്ഷാജീവനക്കാർ ചേർന്ന് പുറത്താക്കി. ഡൽഹി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതോടെ കോടതി നടപടികൾ അൽപസമയത്തേക്ക് തടസ്സപ്പെട്ടു.
'സനാതന ധർമ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചർച്ചയായിരുന്നു.
വിഗ്രഹം പുനഃസ്ഥാപിക്കണമെന്നുള്ള ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയം പുരാവസ്തു ഗവേഷണ വകുപ്പിന്റെ അധികാരപരിധിയിലുള്ളതാണെന്നും, 'ഇതിനായി മഹാവിഷ്ണുവിനോട് തന്നെ പ്രാർത്ഥിക്കൂ' എന്നുമാണ് കോടതി ഹർജിക്കാരനോട് പറഞ്ഞത്. ഇതാണ് രാകേഷ് കിഷോറിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
എന്നാൽ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികൾ തുടരുകയും ചെയ്തു. സംഭവങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നു് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.









0 comments