ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണം; ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹർജി

shoe
വെബ് ഡെസ്ക്

Published on Oct 08, 2025, 02:57 PM | 2 min read


ന്യൂഡൽഹി: കോടതി നടപടികൾക്കിടയിൽ ചീഫ്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ്‌ കിഷോറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് ഹർജി.


ഇതിനായി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയുടെ അനുമതി തേടി. അറ്റോർണി ജനറലിനെ അഭിസംബോധന ചെയ്ത് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ആണ് ഹർജി നൽകിയത്.


1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15 പ്രകാരം നടപടി ആവശ്യപ്പെട്ടു.


 തിങ്കളാഴ്ച കോടതിമുറിക്കുള്ളിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചതിന് അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ കേസ് എടുത്തിരുന്നില്ല. ചീഫ് ജസ്റ്റീസിന്റെ തന്നെ നിർദ്ദേശ പ്രകാരം മാപ്പ് നൽകി.


തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയിലെ ഒന്നാം നമ്പർ കോടതിമുറിയിൽ വെച്ചാണ് സംഭവം നടന്നത്. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ കിഷോർ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് അദ്ദേഹത്തെ തടഞ്ഞു.


പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം "സനാതൻ കാ അപ്മാൻ നഹി സഹേഗ ഹിന്ദുസ്ഥാൻ" (ഹിന്ദുസ്ഥാൻ സനാതൻ ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല) എന്ന് വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പെരുമാറ്റം അനുചിതമാണെന്ന് ആരോപിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഉടൻ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ഡൽഹി പോലീസ് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു.


1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15 പ്രകാരം പ്രകാരം ഹൈക്കോടതികൾക്കോ സുപ്രീം കോടതിക്കോ കോടതിയലക്ഷ്യത്തെക്കുറിച്ച് വ്യക്തിപരമായി അറിയാവുന്ന സാഹചര്യം ഉണ്ടായാൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാം.


ഹൈക്കോടതികളിലെ അഡ്വക്കേറ്റ് ജനറലിന്റെ സമ്മതത്തോടെ ഏതൊരു വ്യക്തിക്കും നടപടി ആരംഭിക്കാം, അതേസമയം സുപ്രീം കോടതിയിൽ ഇതേ നടപടി ആരംഭിച്ചാൽ അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും അനുമതി ആവശ്യമാണ്.


ചീഫ് ജസ്റ്റിസിന്റെ വേദിയിലേക്ക് ചെരുപ്പ് എറിയാൻ ശ്രമിച്ചതും കോടതിമുറിക്കുള്ളിൽ മുദ്രാവാക്യം വിളിച്ചതും "നീതിനിർവ്വഹണത്തിൽ ഗുരുതരമായ ഇടപെടൽ" ആണെന്നും "സുപ്രീം കോടതിയുടെ അന്തസ്സിനെ തകർക്കാനുള്ള മനഃപൂർവമായ ശ്രമമാണ്" എന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി.


"അധികാരിയുടെ ഏറ്റവും അവഹേളനപരമായ പ്രവൃത്തി ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മഹത്വത്തെയും അധികാരത്തെയും കുറയ്ക്കുകയും ഇന്ത്യൻ ഭരണഘടനയെ പരാജയപ്പെടുത്തുകയും ചെയ്യുന്നു,"


സംഭവത്തിനു ശേഷവും കിഷോർ മാധ്യമ ഇടപെടലുകളിൽ ചീഫ് ജസ്റ്റിസിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തി. യാതൊരു പശ്ചാത്താപവും കാണിക്കാതെ അദ്ദേഹത്തിന്റെ പ്രവൃത്തികളെ ന്യായീകരിച്ചു” ഈ സാഹചര്യത്തിലാണ് നടപടി ആവശ്യം.


ആസൂത്രിതം, സംഘടിതം


നേരത്തെ, ചീഫ് ജസ്റ്റിസിനെതിരെ ആക്രമണശ്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് മതപ്രഭാഷകനായ അനിരുദ്ധാചാര്യ എന്ന അനിരുദ്ധ് റാം തിവാരി, യൂട്യൂബർ അജിത് ഭാരതി എന്നിവർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ മിഷൻ അംബേദ്കർ സ്ഥാപകൻ അറ്റോർണി ജനറലിന്റെ സമ്മതം തേടി കത്തെഴുതിയിരുന്നു.


ചീഫ്‌ ജസ്‌റ്റിസിന്റെ പേരുപറയാതെ അനിരുദ്ധാചാര്യ ദിവസങ്ങൾക്ക്‌ മുന്പ്‌ വീഡിയോ സന്ദേശത്തിലൂടെ വധഭീഷണി മുഴക്കിയിരുന്നു. ‘നെഞ്ച്‌ പിളർക്കണമെങ്കിൽ എന്നെ അറിയിച്ചാൽ മതി. അയാൾ സതാനതന ധർമത്തെ അപമാനിക്കുകയാണ്‌.

ദൈവത്തിന്  രാവണനെ കൊല്ലാനാകും. നിങ്ങളുടെ മാറ്‌ പിളർക്കണമെങ്കിൽ  നരസിംഹ ഭഗവാനോട് ചോദിക്കുക. നിങ്ങളെപ്പോലുള്ള നീതികെട്ടവരെ കൊല്ലാൻ ഭഗവാൻ വരും’– എന്നായിരുന്നു കൊലവിളി.


മോശപ്പട്ട, അർഹതയില്ലാത്ത ജഡ്‌ജിയെന്നായിരുന്നു അജിത് ഭാരതിയുടെ അധിക്ഷേപം. ‘ഹിന്ദു അഭിമാനം ’ ഉയർത്തിപ്പിടിക്കാൻ ചീഫ്‌ ജസ്‌റ്റിസിനെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന പോഡ്‌കാസ്‌റ്റുകളും ഇയാൾ ചെയ്‌തിരുന്നു.

 

കുറ്റബോധമില്ല, വിഭാഗീയത മുറ്റിയ പ്രതികരണം


യോഗി ആദിത്യനാഥിന്റെ ആരാധകനാണെന്ന്‌ പറഞ്ഞ രാകേഷ്‌ കിഷോർ ഷൂ എറിഞ്ഞതിന് പിന്നാലെ ഒട്ടും കുറ്റബോധമില്ലാതെ പെരുമാറി. വർഗ്ഗീയ അസഭ്യം തുടന്നു.  സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ട്‌ നടത്തിയ ബുൾഡോസർ രാജ്‌ ശരിയാണെന്നും അത്‌ തടഞ്ഞ ഗവായിയുടെ ഉത്തരവ്‌ തെറ്റാണെന്നും പറഞ്ഞ് അതിക്രമത്തെ ന്യായീകരിച്ചു. ഖജുരാഹോയിലെ  ജവാരി ക്ഷേത്രത്തിലെ വിഷ്‌ണു വിഗ്രഹം സംബന്ധിച്ച ചീഫ്‌ ജസ്‌റ്റിസിന്റെ പരാമർശം തന്റെ ആക്രമണത്തിന്‌ പ്രേരണയായതായി ന്യായീകരിച്ചു.


"ചീഫ്‌ ജസ്‌റ്റിസ്‌ ദളിതനല്ല. സനാധതന ധർമം ഉപേക്ഷിച്ച്‌ ബുദ്ധമതത്തിൽ ചേർന്നയാളാണ്‌. ഹിന്ദുമതം ഉപേക്ഷിച്ചയാൾ ദളിതനാവില്ല. ഹിന്ദുദൈവങ്ങളെയും വിശ്വാസത്തെയും മേലിൽ അപമാനിക്കരുതെന്ന്‌ സുപ്രീംകോടതിക്കെതിരെ  സമൂഹമാധ്യമത്തിലും ഇയാൾ ഭീഷണി മുഴക്കി.


അക്രമിയായ അഭിഭാഷകൻ കിഷോർ ആർഎസ്‌എസുകാരനാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ വെളിപ്പെടുത്തുകയുണ്ടായി.   



deshabhimani section

Related News

View More
0 comments
Sort by

Home