അതിഷി മർലേന ഡൽഹി പ്രതിപക്ഷനേതാവ്

aap
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനയെ തെരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് വനിതയെത്തുന്നത്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു.
ഡൽഹിയിൽ അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ചുമതലയേറ്റതിന് പിന്നാലെയാണ് എഎപിയുടെ തീരുമാനം. ബിജെപി വിജയിച്ചതിന് പിന്നാലെയാണ് അതിഷി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ 3,500 വോട്ടുകൾക്കാണ് അതിഷി വിജയിച്ചത്.
ആം ആദ്‌മി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ആംആദ്‌മി നേതാക്കളെ ബിജെപി കള്ളക്കേസിൽ കുടുക്കിയെന്ന് അതിഷി ആരോപിച്ചിരുന്നു.
0 comments