ജി7 ഉച്ചകോടിക്കിടെ മോദിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയാണ് വൈറ്റ്‌ഹൗസിൽ തിരിച്ചെത്തി ട്രംപ് പാക് സേനാമേധാവിയെ കണ്ടത്
പാക് സൈനിക മേധാവിക്ക് വിരുന്നൊരുക്കി ട്രംപ് ; മോദിക്ക് നയതന്ത്ര തിരിച്ചടി

ന്യൂഡൽഹി
കടുത്ത ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ചുവരുത്തി ഉച്ചവിരുന്നുനല്‍കി ചര്‍ച്ചനടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി മോദി സർക്കാരിന്റെ നയതന്ത്ര പരാജയമായി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന യാഥാർഥ്യം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുകയാണ് ട്രംപ് –മുനീർ കൂടിക്കാഴ്‌ച.
മറ്റൊരു രാജ്യത്തിന്റെ സേനാമേധാവിയുമായി യുഎസ് പ്രസിഡന്റ് കൂടിക്കാഴ്‌ച നടത്തുകയെന്നത് അസ്വഭാവിക നടപടിയാണ്. സാധാരണ മറ്റ് രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെയും ഭരണാധികാരികളെയുമാണ് യുഎസ് പ്രസിഡന്റ് കാണുക. ആ പതിവ് തെറ്റിച്ചാണ് മുനീറിനെ ഉച്ചഭക്ഷണത്തിന് ട്രംപ് ക്ഷണിച്ചത്.
ജി7 ഉച്ചകോടിക്കായുള്ള കാനഡ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ട്രംപ് യുഎസിൽ മടങ്ങിയെത്തി പാക് സേനാമേധാവിയെ കണ്ടത്. ഉച്ചകോടിക്കിടെ ട്രംപുമായി കൂടിക്കാഴ്‌ച മോദി താൽപ്പര്യപ്പെട്ടിരുന്നു. മോദിയെ കാണാതെ മടങ്ങിയ ട്രംപാണ് വൈറ്റ്‌ഹൗസിൽ പാക് സേനാമേധാവിയെ സ്വീകരിക്കാനെത്തിയത്.
കശ്‌മീരിൽ ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നത് അസിം മുനീറാണെന്ന കടുത്ത ആക്ഷേപം ഇന്ത്യക്കുണ്ട്. പഹൽഗാം ആക്രമണത്തിന് തൊട്ടുമുമ്പും ഇന്ത്യക്കെതിരായി പ്രകോപന പരാമർശം മുനീർ നടത്തി. ട്രംപിനെ അടുത്ത സുഹൃത്തായാണ് മോദി പലവട്ടം വിശേഷിപ്പിച്ചത്. തന്റെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിൽ എത്തിയതെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നു.
വ്യാപാരകരാറിലടക്കം യുഎസിനെ പ്രീതിപ്പെടുത്താൻ മോദി സർക്കാർ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് ട്രംപ് –മുനീർ കൂടിക്കാഴ്‌ച. ഇന്ത്യയേക്കാൾ പാകിസ്ഥാനുമായുള്ള സൗഹൃദമാണ് യുഎസ് താൽപ്പര്യപ്പെടുന്നത് എന്നത് കൂടിയാണ് വെളിപ്പെടുന്നത്.









0 comments