പ്രൊഫ. മഹ്മൂദാബാദ് ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: പാകിസ്ഥാൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചും യുദ്ധക്കൊതിയന്മാരെ വിമർശിച്ചും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അശോക സർവകാലാശാല അധ്യാപകൻ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ സോനിപ്പത്ത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്‌ച അറസ്റ്റുചെയ്‌ത അദ്ദേഹത്തെ ഏഴുദിവസംകൂടി കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ചാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആസാദ് സിങ്ങിന്റെ നടപടി. സുപ്രീംകോടതിയിൽ അലി ഖാൻ നൽകിയ ഹർജി അടിയന്തരമായി കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചിരുന്നു.
സംഘപരവാർ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റുചെയ്‌തതിനെ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അപലപിച്ചു. സർക്കാരിനെ വിമർശിക്കുന്നു എന്ന കാരണത്താൽ അക്കാദമിക് പ്രതിഭകളെ ഏകപക്ഷീയമായ വിചാരണയ്ക്ക് വിധേയരാക്കുകയാണ്. ഹരിയാന വനിതാ കമീഷൻ ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയത്.
കേണൽ സോഫിയ ഖുറേഷി പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ സമഗ്രമായ ശാക്തീകരണത്തിന്റെ അഭാവത്തെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്‌തിട്ടുണ്ട്. സർക്കാരിനെതിരായ ക്രിയാത്മക വിമർശനം കടുത്ത നടപടിക്ക് കാരണമാകുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.









0 comments