കാന്താരയുടെ ചിത്രീകരണത്തിനിടെ അപകടം; ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

ശിവമോഗ : കന്നഡ ചിത്രം കാന്താര: ചാപ്റ്റർ 1ന്റെ ചിത്രീകരണത്തിനിടെ അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. ഋഷഭിനു പുറമെ മുപ്പത് ക്രൂ അംഗങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. ആളപായമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് വിവരം. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മനി റിസർവോയറിലാണ് സംഭവം.
മെലിന കൊപ്പ എന്ന പ്രദേശത്തിനടുത്തുള്ള റിസർവോയറിന്റെ ആഴം കുറഞ്ഞ മേഖലയിലാണ് അപകടം സംഭവിച്ചത്. ഇതിനാൽ വൻ ദുരന്തം ഒഴിവായി. ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയതായാണ് വിവരം. നഷ്ടം ഇതുവരെ വിലയിരുത്തിയിട്ടില്ല. തീർത്ഥഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആർക്കും പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാന്താരയിലെ നടൻമാരിലൊരാളായ കലാഭവൻ നിജു ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞിരുന്നു.









0 comments