ഭൂമി ഏറ്റെടുക്കൽ തട്ടിപ്പ്; അരുണാചൽ പ്രദേശിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

arunachal road
വെബ് ഡെസ്ക്

Published on Nov 13, 2025, 12:05 PM | 1 min read

ഇറ്റാനഗർ: ഭൂമി ഏറ്റെടുക്കൽ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് ഉദ്യോഗസ്ഥരെ അരുണാചൽ പ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഈസ്റ്റ് കാമെങ് ജില്ലയിലെ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ലാഡ മുതൽ സർളി വരെയുള്ള ഫ്രോണ്ടിയർ ഹൈവേ റോഡ് നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അഭിനവ് കുമാർ, ജില്ലാ കൃഷി ഓഫീസർ മിറാം പെർമേ, ജില്ലാ ഹോർട്ടികൾച്ചർ ഓഫീസർ സി കെ ടയും, ജില്ലാ ലാൻഡ് റെവന്യൂ & സെറ്റിൽമെന്റ് ഓഫീസർ തകം കെച്ചക് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.


ഇതിന് അംഗീകാരം നൽകിയ ഗ്രൗണ്ട് വെരിഫിക്കേഷൻ ബോർഡ് അധ്യക്ഷനായ ഡെപ്യൂട്ടി കമ്മീഷണർ ഹിമാൻഷു നിഗമിനെ സസ്‌പെൻഡ് ചെയ്യുന്നതിന് സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനിടെയാണ് ജില്ലാ ഭരണകൂടത്തിനെതിരെ നിരവധി പരാതികൾ ഉയർന്നത്. ഭൂമിയും സ്വത്തും വിലയിരുത്തുന്നതിന് ഗ്രൗണ്ട് സർവേ നടത്തിയില്ലെന്നും, വനം, ഹോർട്ടികൾച്ചർ, കൃഷി, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പരിശോധനയിൽ ഉൾപ്പെടുത്തിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.


അന്വേഷണത്തിൽ നഷ്ടപരിഹാരത്തുകയിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തി. യഥാർത്ഥ ഭൂവുടമകളെ ഒഴിവാക്കി, ഏതൊക്കെയൊ വ്യക്തികൾക്ക് അവർക്കില്ലാത്ത സ്വത്തുക്കളുടെ പേരിൽ പണം അനധികൃതമായി നൽകിയതായി കണ്ടെത്തി. നിരവധി ബാധിത കുടുംബങ്ങളുടെ ഭൂമിയും സ്വത്തുക്കളും അന്തിമ അവാർഡിൽ നിന്ന് ഒഴിവാക്കപ്പെടുകയും അവരുടെ പരാതികൾ പരിഹരിക്കാതിരിക്കുകയും ചെയ്തു. സർവേയുടെയും ക്ലെയിം സമർപ്പിക്കാനുള്ള കാലയളവിലും ബാധിത കുടുംബങ്ങൾക്ക് ശരിയായ നോട്ടീസ് നൽകിയില്ലെന്നും നഷ്ടപരിഹാര വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തിയില്ലെന്നും പരാതികളുണ്ട്.


ഗ്രൗണ്ട് സർവേ നടത്താതെ നഷ്ടപരിഹാരം നൽകിയതിലെ ക്രമക്കേടുകൾ അതീവ ഗൗരവതരമാണെന്ന് ലാൻഡ് മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി എ കെ സിംഗ് ഒപ്പിട്ട ഉത്തരവിൽ വ്യക്തമാക്കി. തുടർന്ന് ഫാക്റ്റ് ഫൈൻഡിംഗ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. നവംബർ 4-ന് സമർപ്പിച്ച എഫ്എഫ്സിയുടെ ഇടക്കാല റിപ്പോർട്ട്, പരിശോധനാ സംഘത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളും വഞ്ചനാപരമായ വിലയിരുത്തൽ രീതികളും നടന്നതായി സ്ഥിരീകരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home