അശോക യൂണിവേഴ്‌സിറ്റി പ്രൊഫസറെ അറസ്റ്റു ചെയ്‌തത് അപലപനീയം: ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെതിരായി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചെന്ന് ആരോപിച്ച് അശോക യൂണിവേഴ്‌സിറ്റി പ്രൊഫസറെ അറസ്റ്റു ചെയ്‌തത് അപലപനീയമെന്ന് ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്. സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായ അലി ഖാൻ മഹ്മൂദാബാദിനെയാണ് അറസ്റ്റു ചെയ്‌തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ നടത്തിയെന്ന് ആരോപിച്ച് ബിഎൻഎസ് സെക്ഷൻ 152 പ്രകാരമാണ് അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്.
വിയോജിപ്പ് പ്രകടിപ്പിക്കുന്നത് കുറ്റമാക്കുന്നതിനും അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനുമുള്ള നിയമ വ്യവസ്ഥകളുടെ നഗ്നമായ ദുരുപയോഗത്തെയാണ് ഈ നടപടി പ്രതിനിധീകരിക്കുന്നതെന്ന് ഡിടിഎഫ് പ്രസ്താവനയിൽ പറഞ്ഞു. വിമർശനങ്ങളെ രാജ്യദ്രോഹവുമായി ബന്ധിപ്പിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ല. അത് ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നതാണ്. ബിജെപി നേതാവിന്റെ പരാതിയിലെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നത്. ഭരണകക്ഷിയുടെ വാദങ്ങളെ വെല്ലുവിളിക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാൻ നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണിത്. ഹരിയാന വനിതാ കമീഷന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അപലപനീയമാണ്.
ഡോ. മഹ്മൂദാബാദിനെ ഉടൻ മോചിപ്പിക്കണമെന്നും എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്നും ഡിടിഎഫ് ആവശ്യപ്പെടുന്നതായി പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനാപരമായ മാർഗങ്ങളിലൂടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ ആക്രമണത്തെ ചെറുക്കാൻ അക്കാദമിക് സമൂഹങ്ങളോടും വിശാലമായ ജനാധിപത്യ പ്രസ്ഥാനത്തോടും അഭ്യർഥിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ സായുധ സേനയിലെ വനിതാ ഓഫീസറെ അവഹേളിച്ചെന്ന് ആരോപിച്ച് ഹരിയാ വനിത കമീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രൊഫസറെ അറസ്റ്റ് ചെയ്തത്. അലി ഖാന്റെ പോസ്റ്റിനെതിരെ ബിജെപി നേതാവാണ് പരാതി നല‍്കിയത്. തന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്‌തതാണെന്ന് അലി ഖാൻ പ്രതികരിച്ചിരുന്നു.









0 comments