ബ്രാഹ്മണ പരാമർശം: അനുരാഗ് കശ്യപിന് മെയ് ഏഴിന് ഹാജരാകാൻ കോടതി നോട്ടീസ്

സൂറത്ത് : ബ്രാഹ്മണ സമുദായത്തെപ്പറ്റിയുള്ള പരാമർശത്തിൽ സംവിധായകൻ അനുരാഗ് കശ്യപിന് കോടതി നോട്ടീസ്. മെയ് ഏഴിന് ഹാജരാകണമെന്നു കാണിച്ചാണ് സൂറത്ത് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ജഡ്ജ് എ എൽ ത്രിവേദി നോട്ടീസ് നൽകിയത്. സൂറത്തിൽ നിന്നുള്ള അഭിഭാഷകനായ കമലേഷ് റാവലാണ് പരാതി നൽകിയത്. അനുരാഗ് കശ്യപിന്റെ പോസ്റ്റുകൾ തെളിവായി ഹാജരാക്കിയെന്ന് കമലേഷ് പറഞ്ഞു. കശ്യപോ അഭിഭാഷകനോ മെയ് ഏഴിന് ഹാജരാകണമെന്നും അല്ലാത്ത പക്ഷം വിഷയത്തിൽ കോടതി അന്തിമ തീരുമാനം എടുക്കുമെന്നും നോട്ടീസിൽ പറയുന്നു.
ഏപ്രിൽ 16നാണ് അനുരാഗ് കശ്യപ് ബ്രാഹ്മണർക്കെതിരെ പരാമർശം നടത്തിയതെന്നാണ് കമലേഷ് പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യുടെ 196, 197, 351, 352, 353, 356 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യത്തോടെയാണ് കമലേഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹർജി ഫയൽചെയ്തത്
ആനന്ദ് മഹാദേവൻ ചിത്രം ഫൂലെയുമായി ബന്ധപ്പെട്ട അനുരാഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി പറയവെ ആയിരുന്നു ബ്രാഹ്മണ പരാമർശം. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞിരുന്നു.മാപ്പു പറഞ്ഞതിനു ശേഷവും തനിക്കെതിരെ സൈബർ ആക്രമണം ശക്തമായെന്നും മകളെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തിലുള്ളവരെ കൊല്ലുമെന്നുമടക്കം ഭീഷണികൾ ഉയർന്നിരുന്നുവെന്നും കശ്യപ് പറഞ്ഞിരുന്നു. അനുരാഗ് കശ്യപിനെതിരെ മുംബൈയിൽ ആക്ടിവിസ്റ്റ് അതിഷ് തിവാരിയും പരാതി നൽകിയിട്ടുണ്ട്.









0 comments