വിദേശത്തേക്ക് 
പറന്ന് മോദി

print edition ചാവേർ ബോംബാക്രമണം ; അമിത്‌ ഷായുടെ പരാജയം

Amit Shah
avatar
എം പ്രശാന്ത്‌

Published on Nov 12, 2025, 02:45 AM | 2 min read


ന്യൂഡൽഹി

രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുണ്ടായ ചാവേർ ബോംബാക്രമണം ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങൾ മോദി ഭരണത്തിൽ എത്രമാത്രം ദുർബലപ്പെട്ടുവെന്നതിന്‌ നേർസാക്ഷ്യം. ചെങ്കോട്ടയ്‌ക്ക്‌ മുന്നിൽ കാറിലെത്തി ചാവേറായി പൊട്ടിത്തെറിച്ച ഭീകരനായി ജമ്മു കശ്‌മീർ പൊലീസ്‌ നേരത്തേ തന്നെ ലുക്ക്‌ഒ‍ൗട്ട്‌ നോട്ടീസ്‌


പുറപ്പെടുവിച്ചിരുന്നു. ലുക്ക്‌ഒ‍ൗട്ട്‌ നോട്ടീസ്‌ നിലനിൽക്കെയാണ്‌ ഒരു തടസ്സവുമില്ലാതെ തലസ്ഥാനനഗരിയുടെ ഹൃദയഭാഗം വരെ സ്‌ഫോടകവസ്‌തുക്കൾ നിറച്ച കാറുമായെത്തി ഡോ. ഉമർ സ്വയം പൊട്ടിത്തെറിച്ചത്‌. യുപിയിൽനിന്ന്‌ ഡൽഹിയിലേക്കുള്ള അതിർത്തി കടക്കുന്ന ഘട്ടത്തിലോ തുടർന്ന്‌ ചെങ്കോട്ട വരെയുള്ള 30 കിലോമീറ്റർ ദൂരത്തിലോ ഒരു തടസ്സവും ഉമറിന്‌ നേരിടേണ്ടി വന്നില്ല.


ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ്‌. ഇന്റലിജൻസ്‌ ഏജൻസികളുടെ മേൽനോട്ടം ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്ത്‌ ഡോവലിനും. ജനങ്ങൾക്ക്‌ സുരക്ഷയും സംരക്ഷണവുമൊരുക്കുന്നതിൽ ഇ‍ൗ രണ്ട്‌ വ്യക്തികളുടെ പ്രാപ്‌തിയില്ലായ്‌മ കൂടിയാണ്‌ ഡൽഹി സ്‌ഫോടനത്തിലൂടെ വെളിപ്പെടുന്നത്‌. പഹൽഗാം ആക്രമണമുണ്ടായി ഏഴുമാസം തികയുംമുമ്പാണ്‌ രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനം. അതിർത്തി കടന്നെത്തിയ ഭീകരരായിരുന്നു പഹൽഗാം ആക്രമണത്തിന്റെ ആസൂത്രകരെങ്കിൽ തലസ്ഥാനനഗരിയോട്‌ ചേർന്നുപ്രവർത്തിച്ച ഭീകര ശൃംഖലയാണ്‌ ഡൽഹി സ്‌ഫോടനത്തിന്‌ വഴിയൊരുക്കിയത്‌. ഇ‍ൗ രണ്ട്‌ സംഭവങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സുരക്ഷാ–ഇന്റലിജൻസ്‌ ഏജൻസികളുടെയും വീഴ്‌ച വ്യക്തം.


ഒരു മാസമായി ആഭ്യന്തരമന്ത്രി ബിഹാർ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്‌. ഒപ്പം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ നിയന്ത്രിച്ച്‌ രാജ്യവ്യാപക എസ്‌ഐആർ പ്രക്രിയയിലൂടെ പ‍ൗരത്വപരിശോധന ഉറപ്പാക്കാനുള്ള വ്യഗ്രതയിലുമാണ്‌. പഹൽഗാം ആക്രമണത്തിന്‌ ശേഷവും ഭീകരാക്രമണങ്ങൾ തടയുന്നതിനുള്ള ഒരു തയ്യാറെടുപ്പും ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.


ഓപ്പറേഷൻ സിന്ദൂറിന്‌ പകരമായി പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകൾ ആക്രമണത്തിന്‌ ഒരുങ്ങുന്നുവെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഫരീദാബാദ്‌ കേന്ദ്രീകരിച്ചുള്ള ഭീകരശൃംഖലയെ ജമ്മു കശ്‌മീർ പൊലീസ്‌ കണ്ടെത്തുകയും വലിയതോതിൽ സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഭീകരശൃംഖലയിലെ നിർണായകകണ്ണിയായ ഡോ. ഉമർ കാണാമറയത്തായിട്ടും ഫരീദാബാദിനോട്‌ തൊട്ടുചേർന്ന ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കാൻ പോലുമായില്ല. തിരച്ചിൽ ഉ‍ൗർജിതമാക്കുകയും ചെങ്കോട്ട പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്‌തിരുന്നെങ്കിൽ 13 പേരുടെ ജീവനെടുത്ത സ്‌ഫോടനം തടയാനാകുമായിരുന്നു.


വിദേശത്തേക്ക് 
പറന്ന് മോദി

ഡല്‍ഹി ചാവേർ ബോംബാക്രമണത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്‌ പറന്നു. ഭൂട്ടാൻ രാജാവിന്റെ എഴുപതാം ജന്മദിനഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ചൊവ്വ രാവിലെ മോദി തിന്പുവിലെത്തി. രണ്ടുദിവസം മോദി ഇനി ഭൂട്ടാനിലായിരിക്കും.സ്‌ഫോടനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്നും ഗൂഢാലോചനയുടെ അടിത്തട്ടുവരെ ഏജന്‍സികളെത്തുമെന്നും മോദി തിമ്പുവില്‍ സ്വീകരണ ചടങ്ങിനിടെ പറഞ്ഞു. ഭൂട്ടാനിലെ 
നാലാമത്തെ രാജാവ് ജിഗ്‍മേ സിംഗേ വാങ്ചുക്കിന്റെ എഴുപതാം പിറന്നാള്‍ ആഘോഷത്തില്‍ മോദി പങ്കെടുത്തു. കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് തിമ്പുവില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു.




deshabhimani section

Related News

View More
0 comments
Sort by

Home