ഹിമാചൽ പ്രദേശിൽ ആംബുലൻസ് തൊഴിലാളികൾ പണിമുടക്കി

ഷിംല: ഹിമാചൽ പ്രദേശിലുടനീളമുള്ള ആംബുലൻസ് തൊഴിലാളികൾ 24 മണിക്കൂർ പണിമുടക്കി. ചൊവ്വാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. തങ്ങൾക്ക് അർഹമായ അന്തസ്, വേതനം, നീതി എന്നിവ ആവശ്യപ്പെട്ട് തൊഴിലാളികൾ 102, 108 അടിയന്തര സേവനങ്ങൾ നിർത്തിവച്ചു. അമിത ജോലിഭാരം, കുറഞ്ഞ വേതനം തുടങ്ങി ജീവനക്കാരുടെ നിരവധി പ്രശ്നങ്ങളെ അഭിസംബോധന ചെയ്താണ് സിഐടിയു വിന്റെ നേതൃത്വത്തിൽ പണിമുടക്ക് നടക്കുന്നത്.
ആരോഗ്യ മേഖലയിൽ "ഫ്രണ്ട്‌ലൈൻ ഹീറോകൾ" എന്ന് പലപ്പോഴും പ്രശംസിക്കപ്പെടുന്ന ആംബുലൻസ് തൊഴിലാളികൾ പലപ്പോഴും ചൂഷണത്തിനും അവഗണനയ്ക്കും വിധേയരാകുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) കീഴിൽ കരാർ ലഭിച്ച സ്വകാര്യ ഓപ്പറേറ്ററായ മെഡ് സ്വാൻ ഫൗണ്ടേഷൻ തുടർച്ചയായി തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് സിഐടിയു കുറ്റപ്പെടുത്തി. മിനിമം വേതനം നൽകാത്തത് മുതൽ 12 മണിക്കൂർ ഷിഫ്റ്റുകൾ ഉണ്ടായിരുന്നിട്ടും ഓവർടൈം വേതനം നിഷേധിക്കുന്നത് വരെയുള്ള ആരോപണങ്ങളുണ്ട്. "പൊതുജനാരോഗ്യത്തിലെ കോർപ്പറേറ്റ് ക്രൂരത" അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിംല, ഹാമിർപൂർ തുടങ്ങി വിവിധ ജില്ലകളിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി മിനിമം വേതനം ഉടനടി നൽകുക, ഓവർടൈമിന് ഇരട്ടി വേതനം നൽകുക, വാഹനങ്ങൾ തകരാറിലാകുമ്പോഴോ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ വേതന സംരക്ഷണം നൽകുക, ജീവനക്കാർക്കും വാഹനങ്ങൾക്കും ഇൻഷുറൻസ് നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങളണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. മനുഷ്യത്വപരവും നിയമാനുസൃതവുമായ ഒരു തൊഴിൽ സംവിധാനത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ ആവശ്യങ്ങളാണിവ എന്ന് സിഐടിയു പറഞ്ഞു. യൂണിയൻ പ്രതിനിധികളും എൻഎച്ച്എം മാനേജിംഗ് ഡയറക്ടറും മെഡ്‌സ്വാൻ ഫൗണ്ടേഷൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയിൽ അനുകൂല തീരുമാനങ്ങളുണ്ടായില്ല.









0 comments