ബിജെപിയുമായി ഉള്ളത് തെരഞ്ഞെടുപ്പ് കൂട്ടുകെട്ട്: എഐഎഡിഎംകെ

photo credit: pti
ചെന്നൈ: ബിജെപിയുമായി ഉള്ളത് തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് മാത്രമാണെന്നും അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സർക്കാർ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്നും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി. കേന്ദ്രത്തിൽ ബിജെപി, തമിഴ്‌നാട്ടിൽ എഐഎഡിഎംകെ എന്നാണ് അമിത് ഷാ പറഞ്ഞതെന്നും, തമിഴ്‌നാട്ടിൽ മുന്നണി ഭരണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും എടപ്പാടി പറഞ്ഞു.
ഡിഎംകെയെ താഴെയിറക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. ഇതിനായുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ വിപുലീകരിക്കും. ഇനിയും കൂടുതൽ പാർടികൾ എഐഎഡിഎംകെ സഖ്യത്തിലേക്ക് എത്തും. ബിജെപിയുടെ സഹായത്തോടെ അധികാരം പിടിക്കും–- അദ്ദേഹം പറഞ്ഞു. ബിജെപി–- എഐഎഡിഎംകെ മുന്നണി ഭരണം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രതികരിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ പറഞ്ഞിരുന്നു.
അതിനിടെ, നാം തമിഴർ കക്ഷി എഐഎഡിഎംകെ–- ബിജെപി മുന്നണിയുടെ ഭാഗമാകണമെന്നും സീമാനെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു.









0 comments