പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും വധിച്ചു: അമിത് ഷാ

amit sha

PHOTO CREDIT: SANSAD TV

വെബ് ഡെസ്ക്

Published on Jul 29, 2025, 12:34 PM | 2 min read

ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് പേരെയും ഓപറേഷൻ മഹാദേവിലൂടെ വധിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റ് വർഷകാല സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. സുലൈമാൻ, ജിബ്രാൻ, അഫ്ഗാനി എന്നിവരെയാണ് വധിച്ചത്. എല്ലാവരും പാകിസ്ഥാനികളും ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ളവരുമായിരുന്നു. "ബൈസരൻ താഴ്‌വരയിൽ നമ്മുടെ ജനങ്ങളെ കൊന്നവർ, ആ മൂന്ന് ഭീകരരും കൊല്ലപ്പെട്ടുവെന്ന് ഞാൻ സഭയോടും രാജ്യത്തെ ജനങ്ങളോടും പറയാൻ ആഗ്രഹിക്കുന്നു. പഹൽ​ഗാം ആക്രമണത്തിന് തക്കതായ മറുപടി നൽകി"- അമിത് ഷാ സഭയിൽ അറിയിച്ചു.


പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ചുള്ള ചർച്ചയോടെയാണ് ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. ഒരാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷമാണ് പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി തയാറായത്. "പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ കശ്മീരിലെത്തി. അവലോകന യോഗം ചേർന്നു. ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ അതിർത്തി കടന്ന് രാജ്യം വിടാൻ അനുവദിക്കരുതെന്ന് നിർദ്ദേശം നൽകി- അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.


"പഹൽ​ഗാമിൽ നിരപരാധികളായ സാധാരണക്കാരെ അവരുടെ കുടുംബങ്ങളുടെ മുന്നിൽ വെച്ച് അവരുടെ മതം ചോദിച്ചുകൊണ്ട് കൊലപ്പെടുത്തി. ഈ ക്രൂരമായ പ്രവൃത്തിയെ ഞാൻ അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു. ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ മഹാദേവ് നടത്തിയത്. ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ വധിച്ചു. സുലൈമാൻ ലഷ്കർ-ഇ-തൊയ്ബയുടെ എ-കാറ്റഗറി കമാൻഡറായിരുന്നു. അഫ്ഗാനും ജിബ്രാനും ലഷ്കർ-ഇ-തൊയ്ബ എ-ഗ്രേഡ് ഭീകരനായിരുന്നു.


ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരരെ അയച്ചവരെയും ഓപ്പറേഷൻ മഹാദേവിലൂടെ ആക്രമണം നടത്തിയവരെയും വകവരുത്തി. ഭീകരരുടെ കയ്യിൽ നിന്ന് പഹൽ​ഗാമിൽ ഉപയോ​ഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. എം9 റൈഫിളും രണ്ട് എകെ 47 തോക്കുകളുമാണ് പിടിച്ചെടുത്തത്". ഫോറൻസിക് പരിശോധനയിലൂടെ ആയുധങ്ങൾ തിരിച്ചറിഞ്ഞു എന്നും ഷാ പറഞ്ഞു.


ഭികരർക്ക് അഭയം നൽകിയവരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവർക്ക് ഭക്ഷണം നൽകിയവരെ കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചപ്പോൾ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ മൂന്ന് പേരാണെന്ന് തിരിച്ചറിഞ്ഞു. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച വെടിയുണ്ടകളുടെ എഫ്എസ്എൽ റിപ്പോർട്ട് ഇതിനകം തയ്യാറായിരുന്നു. തിങ്കളാഴ്ച ഈ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത റൈഫിളുകൾ റിപ്പോർട്ടുമായി ഒത്തുനോക്കി. ചണ്ഡീഗഡിൽ കൂടുതൽ പരിശോധനകൾ നടത്തി. അതിനുശേഷം മൂന്ന് പേരും ഭീകരാക്രമണം നടത്തിയവരാണെന്ന് സ്ഥിരീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home