പൊതുപണിമുടക്കിന് പിന്തുണ : സിപിഐ എം

ന്യൂഡൽഹി
കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ജൂലൈ ഒമ്പതിന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കിന് എല്ലാ പിന്തുണയും നൽകാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. കർഷകസംഘടനകളും കർഷകത്തൊഴിലാളി സംഘടനകളും അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും. പണിമുടക്ക് വിജയമാക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളിൽ എല്ലാ പാർടി അംഗങ്ങളും ഘടകങ്ങളും പങ്കാളികളാകണമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി അഭ്യര്‍ഥിച്ചു. ബോധപൂർവ്വം അനിശ്‌ചിതമായി വൈകിപ്പിച്ചശേഷം 2027ൽ ജാതി സെൻസസോടുകൂടിയ പൊതുസെൻസസ് നടത്തുമെന്ന് പ്രഖ്യാപിക്കാൻ സർക്കാർ ഒടുവിൽ നിർബന്ധിതമായി.
സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് വലിയ സംശയങ്ങൾ ഉയരുന്നുണ്ട്. സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് ഈ വിഷയം ചർച്ച ചെയ്യണം.
ഗവർണർമാരുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനും സംസ്ഥാന നിയമസഭകളുടെ അധികാരങ്ങളെ മാനിക്കാനും കേന്ദ്രം വിസമ്മതിക്കുകയാണ്. രാഷ്ട്രപതിയിലൂടെ സർക്കാർവീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബിജെപിയുടെ അമിതാധികാര നിലപാടും ഫെഡറൽ തത്വങ്ങളോടുള്ള അവജ്‌ഞയുമാണ് വ്യക്തമാകുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാലംതെറ്റിയുള്ള പ്രളയം ജീവനും സ്വത്തുക്കൾക്കും വലിയ നാശം വരുത്തി. കേന്ദ്രം അടിയന്തരമായി സഹായസഹകരണം ഉറപ്പുവരുത്തണം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തുന്നതിനായി പ്രവർത്തിക്കും. ഇതിനായി ഇടതുപക്ഷ–- മതനിരപേക്ഷ പാർടികളുമായി സിപിഐ എം കൂടിയാലോചന തുടങ്ങി–- ബേബി പറഞ്ഞു.









0 comments