അഖിലേന്ത്യ പണിമുടക്കിന് സംയുക്ത കിസാൻമോർച്ചയുടെ പിന്തുണ

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ മെയ് 20ന് കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. ഞായറാഴ്‌ച ഡൽഹിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. രാജ്യവ്യാപകമായി കർഷകർ പണിമുടക്കിൽ അണിചേരും.
തൊഴിലാളി പ്രശ്നങ്ങൾക്കൊപ്പം കാർഷിക പ്രശ്‌നങ്ങളും ഉയർത്തിയാണ് പണിമുടക്ക്. ദേശീയ കാർഷിക വിപണനനയ കരട് പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറിൽ കർഷക താൽപര്യങ്ങൾ അടിയറവ് വയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ സന്ദർശനവേളയിൽ പ്രതിഷേധങ്ങൾ തുടരാനും കർഷകരോട് ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യവൽകരണത്തിനെതിരെ ജൂൺ 26ന് നടക്കുന്ന തൊഴിലാളി പണിമുടക്കിനും സംയുക്ത കിസാൻ മോർച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷക വിരുദ്ധ ബിജെപി സർക്കാരിനെതിരെ അഖിലേന്ത്യാ നേതാക്കളെുടെ നേതൃത്വത്തിൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.









0 comments