എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറിയെ അറസ്‌റ്റുചെയ്‌തു
ബംഗാളിൽ സമരാഗ്നി ; അഖിലേന്ത്യ പണിമുടക്ക് വൻ വിജയം

ഗോപി
Published on Jul 10, 2025, 01:00 AM | 1 min read
കൊൽക്കത്ത
തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ഭീഷണിയും അക്രമവും അവഗണിച്ച് ബംഗാളിൽ അഖിലേന്ത്യ പണിമുടക്ക് വൻ വിജയം. തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സർക്കാർ–-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സമരത്തിൽ അണിനിരന്നു. വാഹനങ്ങൾ കാര്യമായി നിരത്തിൽ ഇറങ്ങിയില്ല. സാൾട്ട്‌ലേക്, രാജാർഹട്ട് എന്നിവിടങ്ങളിലെ ഐടി മേഖലകളിലും ജീവനക്കാർ സമരത്തിൽ പങ്കാളികളായി. വ്യവസായ മേഖലകളായ ഹൗറ, ദുർഗപുർ, അസൻസോൾ, ഹാൽദിയ, ബാരക്പുർ എന്നിവിടങ്ങളിൽ സമരം ഏറെക്കുറെ പൂർണമായി. ഡാർജിലിങ്, ജൽപായ്‌ഗുഡി മേഖലകളിൽ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ പണിമുടക്കി.
വിവിധയിടങ്ങളിൽ പൊലീസ് സമരക്കാർക്കുനേരെ അതിക്രമം അഴിച്ചുവിട്ടു. കൊൽക്കത്തയിൽ എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അടക്കമുള്ളവരെ അറസ്റ്റുചെയ്തു. പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനത്ത് മൂന്നുദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.
എസ്‌എഫ്‌ഐ പ്രതിഷേധിച്ചു
എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയെയും മറ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധം. പണിമുടക്കിനെ അടിച്ചമർത്താനുള്ള തൃണമൂൽ സർക്കാരിന്റെ ശ്രമങ്ങളെ എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യുട്ടീവ് അപലപിച്ചു. ബിജെപിയുടെ ചങ്ങാതികളാണ് തൃണമൂലെന്ന യാഥാർഥ്യം കൂടുതൽ സ്‌പഷ്‌ടമായെന്നു വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments