25 കോടിയിലധികം തൊഴിലാളികൾ അണിനിരന്നു ; രാജ്യം
സ്തംഭിച്ചു

പോരാട്ടത്തിന് പുതുനാന്ദി ; അഖിലേന്ത്യ പണിമുടക്ക്‌ ഐതിഹാസിക വിജയം

All India General Strike

ഗുജറാത്തിലെ അഹമ്മദാബാദിൽ അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി പ്രതിഷേധപ്രകടനം നടത്തുന്ന തൊഴിലാളികൾ ഫോട്ടോ: പിടിഐ

വെബ് ഡെസ്ക്

Published on Jul 10, 2025, 01:33 AM | 2 min read

strike


ന്യൂഡൽഹി

തൊഴിലാളിദ്രോഹവും ജനവഞ്ചനയും മുഖമുദ്രയാക്കിയ മോദിസർക്കാരിന്റെ ധാർഷ്ട്യത്തിന്‌ താക്കീതുനൽകി ജനകോടികൾ ഒറ്റക്കെട്ടായി അണിനിരന്നു. നവഉദാരനയ കാലഘട്ടത്തിൽ ഇന്ത്യയിലെ 22–-ാമത്‌ പൊതുപണിമുടക്ക്‌ തൊഴിലാളിവർഗ മുന്നേറ്റത്തിന്‌ പുതുനാന്ദി കുറിച്ചു. രാജ്യത്തെ കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന ഭരണത്തിനെതിരെ മുദ്രാവാക്യം മുഴക്കി കേരളം മുതൽ കശ്‌മീർവരെ തൊഴിലാളികളും ജീവനക്കാരും തെരുവിലിറങ്ങിയത്‌ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജമായി.


സംയുക്ത ട്രേഡ്‌ യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിൽ രാജ്യത്തെ 25 കോടിയിലധികം തൊഴിലാളികൾ അണിനിരന്നു. കർഷകരും കർഷകത്തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും ഐക്യദാർഢ്യവുമായി രംഗത്തിറങ്ങിയത്‌ സമാനതയില്ലാത്ത സമരമുന്നേറ്റമായി. കേരളം, പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്‌, തമിഴ്‌നാട്‌, പഞ്ചാബ്‌, ത്രിപുര, മണിപ്പുർ, അസം സംസ്ഥാനങ്ങളിൽ പണിമുടക്ക്‌ സമ്പൂർണമായിരുന്നു. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌, തെലങ്കാന, ഹരിയാന, ഹിമാചൽപ്രദേശ്‌, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിൽ ഭൂരിഭാഗം മേഖലകളും നിശ്ചലമായി. ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ മഹാരാഷ്ട്ര, മേഘാലയ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലും പണിമുടക്ക്‌ ശക്തമായി. ആൻഡമാൻ നിക്കോബാർ, ജമ്മു കശ്‌മീർ, പുതുച്ചേരി തുടങ്ങി കേന്ദ്രഭരണപ്രദേശങ്ങളിലും ജനരോഷമിരമ്പി. പല സംസ്ഥാനങ്ങളിലും പണിമുടക്കിൽ പങ്കെടുത്തവരെ അറസ്റ്റുചെയ്തു.


ഖനി, ഉരുക്ക്‌, ബാങ്ക്‌, ഇൻഷുറൻസ്‌, പെട്രോളിയം, വൈദ്യുതി, തപാൽ, ഊർജം, ഗതാഗതം, ടെലികോം, തോട്ടം മേഖലകളിലെ തൊഴിലാളികൾ പണിമുടക്കി. മിക്ക സംസ്ഥാനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും പണിമുടക്കി. പ്രതിരോധമേഖലയിലെ തൊഴിലാളികൾ ഒരു മണിക്കൂർ പ്രതിഷേധിച്ചു. റെയിൽവേ യൂണിയനുകളുടെ നേതൃത്വത്തിൽ വൻറാലികൾ നടന്നു. നിർമാണത്തൊഴിലാളികൾ, അംഗൻവാടി, ആശ വർക്കമാർ, ബീഡി തൊഴിലാളികൾ, ചെറുകച്ചവടക്കാർ, ഓട്ടോ–-ടാക്‌സി ഡ്രൈവർമാർ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങിയവരും ആവേശപൂർവം പിന്തുണച്ചു.


ബിഹാറിൽ പണിമുടക്കിനൊപ്പം ജനാധിപത്യവിരുദ്ധമായ വോട്ടർപ്പട്ടിക പുതുക്കലിനെതിരായ പ്രതിഷേധവും അലയടിച്ചു. പട്‌നയിൽ സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി പങ്കെടുത്തു. കോൾ ഇന്ത്യ ലിമിറ്റഡിലും അനുബന്ധ സ്ഥാപനങ്ങളിലും പണിമുടക്ക്‌ പൂർണമായി. കൊൽക്കത്ത തുറമുഖത്ത്‌ ചരക്കുഗതാഗതം നിലച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേദക്‌ ഓർഡനൻസ്‌ ഫാക്ടറിയിൽ ജീവനക്കാർ പണിമുടക്കി.


ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ച്‌ കൊച്ചി റിഫൈനറിയിൽ ജീവനക്കാർ പണിമുടക്കി. ഡൽഹി ജന്തർമന്തറിൽ ട്രേഡ്‌യൂണിയനുകളുടെയും മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി. തമിഴ്‌നാടിൽ പല സ്ഥലങ്ങളിലും ട്രെയിൻ തടഞ്ഞു. വലിയ പ്രക്ഷോഭങ്ങൾക്കുള്ള നാന്ദിയാണ്‌ അഖിലേന്ത്യ പണിമുടക്കെന്ന്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും സംയുക്തവേദി വാർത്താക്കുറിപ്പിൽ പറഞ്ഞു.


കേരളത്തിൽ 
സമ്പൂർണ വിജയം

അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ പൂർണം. അധ്യാപകരും ബാങ്കിങ്‌ ഇൻഷുറൻസ്‌ ജീവനക്കാരും വാണിജ്യവ്യവസായ മേഖലകളിലെ തൊഴിലാളികളും മോട്ടോർ –-ടാക്‌സി, നിർമാണം, ചുമട്ട്‌, മത്സ്യബന്ധനം മേഖലകളിലെ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. കടകമ്പോളങ്ങളും അടുഞ്ഞുകിടന്നു.


ജീവനക്കാരുടെയും അധ്യാപകരുടെയും വിഷയങ്ങളുയർത്തി ഇടതുപക്ഷ അനുഭാവമുള്ള സർവീസ്‌ സംഘടനകളും അണിചേർന്നു. എന്നാൽ, യുഡിഎഫിനോട്‌ അനുഭാവം പുലർത്തുന്ന സർവീസ്‌ സംഘടനകൾ പണിമുടക്കിന്‌ എതിരായ നിലപാട്‌ സ്വീകരിച്ചു. സെക്രട്ടറിയറ്റിൽ 91.8 ശതമാനം ജീവനക്കാരും പണിമുടക്കി. ആകെയുള്ള 4686 ജീവനക്കാരിൽ 425 പേർ മാത്രമാണ്‌ ബുധനാഴ്‌ച ഹാജരായത്‌.


കൊല്ലത്തെ കശുവണ്ടി ഫാക്ടറികളും ആലപ്പുഴയിലെ കയർ ഉൽപാദനകേന്ദ്രങ്ങളും സംസ്ഥാനമാകെ ബീഡി, കൈത്തറി, ഉൽപാദന കേന്ദ്രങ്ങളും പ്രവർത്തിച്ചില്ല. തോട്ടം മേഖലയിലും കഞ്ചിക്കോട്‌ വ്യവസായമേഖലയിലെ 702 സ്ഥാപനങ്ങളിൽ 691 എണ്ണത്തിലും പണിമുടക്ക്‌ പൂർണമായിരുന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെഎസ്‌ആർടിസി അവശ്യസർവീസുകൾ നടത്തി. ആശാ, അങ്കണവാടി, തൊഴിലുറപ്പ്‌, ഹരിതകർമസേന തൊഴിലാളികളും പണിമുടക്കി. കൊച്ചിയിലെ ഐടി, വ്യവസായ മേഖലയും പണിമുടക്കി.


പണിമുടക്കിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. തിരുവനന്തപുരത്ത്‌ രാജ്‌ഭവനുമുന്നിലേക്ക്‌ നടത്തിയ പ്രകടനത്തിൽ പതിനായിരത്തിലേറെപേർ പങ്കെടുത്തു. പൊതുയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Home