മഹിളാ അസോസിയേഷൻ ദേശീയ അദാലത്ത്
പരാജയപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍; കടക്കെണിയിലായി രാജ്യത്തെ ദരിദ്ര സ്ത്രീകൾ

സ്വന്തം ലേഖിക
Published on Aug 24, 2025, 12:00 AM | 1 min read
ന്യൂഡൽഹി: സ്വകാര്യ ബാങ്കുകളെയും മൈക്രോഫിനാൻസ് സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടുമ്പോൾ കടക്കെണിയിലായി രാജ്യത്തെ ദരിദ്ര സ്ത്രീകൾ. അടിസ്ഥാന വിദ്യാഭ്യാസംപോലും നേടിയിട്ടില്ലാത്ത ഗ്രാമീണമേഖലകളിലെ സ്ത്രീകളെ പലിശ നിരക്കും മറ്റും മൂടിവച്ച് സ്ഥാപനങ്ങൾ വായ്പയെടുപ്പിക്കുന്നു. തൊഴിലില്ലായ്മ മുതലെടുത്താണ് കെണിയൊരുക്കുന്നത്. ശേഷം ഉയർന്ന തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചൂഷണം ചെയ്യുന്നു– ഡൽഹി സുർജിത്ത് ഭവനിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ അദാലത്തിലാണ് വായ്‌പയിൽ കുടുങ്ങിയവർ ദുരിതം തുറന്നുപറഞ്ഞത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും അഞ്ഞൂറിലേറെ സ്ത്രീകൾ പങ്കെടുത്തു. അദാലത്തിൽ മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ് മദൻ ബി ലോകുർ, സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക്, അഭിഭാഷക കീർത്തി സിങ്, മാധ്യമപ്രവർത്തക പമേല ഫിലിപ്പോസ്, ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ എന്നിവർ പരിഹാര നിർദേശങ്ങളും നിയമോപദേശവും നൽകി.
പണമിടപാട് സ്ഥാപനങ്ങളുടെ കെണിയിൽപ്പെട്ട സ്ത്രീകൾക്കിടയിൽ മഹിള അസോസിയേഷൻ പ്രവർത്തകർ സർവേ നടത്തി തയാറാക്കിയ കരട് റിപ്പോർട്ട് അദാലത്തിൽ അവതരിപ്പിച്ചു. സർവേ പ്രകാരം 90 ശതമാനം സ്ത്രീകളും ദൈനംദിന ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് വായ്പകളെടുത്തത്. കേന്ദ്രസർക്കാർ കൊട്ടിഘോഷിക്കുന്ന മുദ്ര വായ്പ പദ്ധതിയിൽ അഞ്ചു ശതമാനം സ്ത്രീകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിട്ടുള്ളത്. സർവേയിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും റിസർവ് ബാങ്കിനും എതിരെ തയാറാക്കിയ കുറ്റപത്രം മഹിള അസോസിയേഷൻ ട്രഷറർ പുണ്യവതി അവതരിപ്പിച്ചു. പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. മുൻ ജനറൽ സെക്രട്ടറി ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേന്ദ്രകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ ‘കുടുംബശ്രീ എന്ന ബദലിനെ’ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.







0 comments