വ്യാജ ബോംബ് ഭീഷണിയിൽ കുഴങ്ങി എയർ ഇന്ത്യ; ഡൽഹിയിൽ വിമാനം സുരക്ഷിതമായി ഇറക്കി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വ്യാഴാഴ്ച ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്നതിനിടെയാണ് എയർ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം ഡൽഹിയിൽ ഇറക്കുകയായിരുന്നു.
AI188 ബോയിങ് 777 വിമാനത്തിൽ ബോംബ് വച്ചിരിക്കുന്നതായായിരുന്നു സന്ദേശം. രാവിലെ 11.30 നാണ് സന്ദേശം ലഭിക്കുന്നത്. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി വിലയിരുത്തൽ സമിതി (BTAC) രൂപീകരിച്ചു. വിമാനത്തിന്റെയും യാത്രക്കാരുടേയും സുരക്ഷ ശക്തമാക്കാനുള്ള നടപടികളെടുത്തു. പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഏകദേശം 3.40ഓടെ ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്തു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിമാനത്തിലെ ജീവനക്കാർ എല്ലാ സുരക്ഷാ പരിശീലനങ്ങളും നടത്തിയത്. പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ പരിശോധനകൾക്കായി വിമാനം മാറ്റിയെന്നും എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ വിമാനത്തിന് ലഭിക്കുന്ന രണ്ടാമത്തെ വ്യാജ ഭീഷണി സന്ദേശമാണിത്.









0 comments