പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരെയുള്ള പരസ്യങ്ങൾ പിൻവലിക്കണം-ഹൈക്കോടതി

photo credit: facebook
ന്യൂഡൽഹി: വർഗീയവിദ്വേഷ പരാമർശങ്ങൾ പതിവാക്കിയ വിവാദ യോഗാഭ്യാസി രാംദേവിന് വീണ്ടും തിരിച്ചടി. ഡാബറിനെതെിരെയുള്ള പരസ്യങ്ങൾ നൽകിയതിലാണ് പതഞ്ജലി വെട്ടിലായിരിക്കുന്നത്. ഡാബറിന്റെ ഉത്പന്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരസ്യങ്ങൾ പിൻവലിക്കണമെന്ന് പതഞ്ജലിയോട് ഡൽഹി ഹൈക്കൊടതി ആവശ്യപ്പെട്ടു.
പതഞ്ജലി തങ്ങളുടെ ച്യവനപ്രാശത്തെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് ഡിസംബറിൽ ഡാബർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് പരസ്യങ്ങൾ ഡൽഹി ഹൈക്കോടതി വിലക്കിയത്. ഡാബറിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പരസ്യങ്ങൾ ഉടൻ തടയണമെന്ന് ഡാബർ കോടതിയോട് ആവശ്യപ്പെട്ടു.
മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശയത്തിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും അത് കുട്ടികൾക്ക് സുരക്ഷിതമല്ലെന്നുമാണ് പതഞ്ജലിയുടെ പരസ്യം പറയുന്നത്. ഇത്തരം തെറ്റായ അവകാശവാദങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, ഉപഭോക്താക്കൾക്കിടയിൽ കെട്ടിപ്പടുത്ത വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഡാബർ വാദിച്ചു.
ഹംദർദ് കമ്പനിയുടെ ‘റൂഹ് അഫ്‌സാ’സർബത്തിനെക്കുറിച്ച് നടത്തിയ വർഗീയ പരാമർശങ്ങൾക്ക് ഹൈക്കോടതി രാംദേവിനെ കഴിഞ്ഞ മാസം രൂക്ഷമായി വിമർശിച്ചിരുന്നു. ലവ് ജിഹാദ് ഉള്ളത് പോലെ ഇവിടെ സർബത്ത് ജിഹാദുമുണ്ട് എന്നായിരുന്നു പതഞ്ജലിയുടെ പരാമര്‍ശം. ആധുനിക ചികിത്സാസമ്പ്രദായത്തിനെതിരായ രാംദേവിന്റെ വിവാദ പരാമര്‍ശങ്ങളെ നേരത്തെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.









0 comments