അമ്മ മക്കൾ മുന്നേറ്റ കഴകം എൻഡിഎ വിട്ടു, തമിഴ്നാട് ബിജെപിയിൽ പടലപ്പിണക്കം പടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) എൻഡിഎ വിട്ടു. മുന്നണി ബന്ധം അവസാനിപ്പിക്കുന്നതായി ജനറൽ സെക്രട്ടറി ടി ടി വി ദിനകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് എൻഡിഎ മുന്നണിയിലെ കൂട് ഒഴിയൽ. അണ്ണാ ഡിഎംകെ വിമതനേതാവ് ഒ പനീർശെൽവം വിഭാഗം എൻഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരന്റെയും പിണങ്ങി പിരിയൽ സംഭവിച്ചിരിക്കുന്നത്.
കൂടുതൽ പാർട്ടികളെ എൻഡിഎയിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച തമിഴ്‌നാട് ബിജെപി നേതാക്കളോട് നിർദേശിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അമ്മ മക്കൾ മുന്നേറ്റ കഴകം പിരിയൽ പ്രഖ്യാപിച്ചത്.
തമിഴ്‌നാട്ടിൽ തേവർസമുദായത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് ദിനകരൻ. മുൻമുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ വിയോഗശേഷം പാർടിയിൽ ഭിന്നതയുണ്ടായപ്പോഴാണ് ദിനകരൻ സ്വന്തം പാർട്ടിയുണ്ടാക്കിയത്.
ഭാവിപദ്ധതികൾ ഡിസംബറിൽ തീരുമാനിക്കുമെന്ന് ദിനകരൻ അറിയിച്ചു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി അടുക്കാനാണ് ശ്രമം. ദിനകരനും പനീർശെൽവവും വി കെ ശശികലയും ഒരുമിച്ച് അണ്ണാ ഡിഎംകെ സഖ്യത്തിലേക്കു തിരിക എത്താനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നു.
മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ എഐഎഡിഎംകെ കേഡർ അവകാശ വീണ്ടെടുക്കൽ കമ്മിറ്റി (എസിആർആർസി) എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിച്ചത് ഒരു മാസം മുൻപ് മാത്രമാണ്. ഇതിന് തൊട്ടാണ് പഴയ സഹപ്രവർത്തകൻ ദിനകരനും അദ്ദേഹത്തിന്റെ പാർടിയും എൻഡിഎ മുന്നണി വിട്ടത്.
അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവായ കെ എ സെങ്കോട്ടയ്യൻ വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കെ അണ്ണാമലൈയെ ബിജെപി പാർടി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത് അണ്ണാ ഡിഎംകെയെ തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ജയലളിതയുടെ മരണവും അധികാര നഷ്ടവും ഉണ്ടായതോടെ പല നേതാക്കൾ പല പാർടികളായി പിരിഞ്ഞു മാറി.
ബിജെപിക്ക് അകത്തും
കഴിഞ്ഞ ദിവസം അമിത് ഷാ വിളിച്ച തമിഴ്നാട് ബിജെപി നേതാക്കളുടെ യോഗത്തിൽ കെ അണ്ണാമലൈയ്ക്ക് പങ്കെടുത്തിരുന്നില്ല. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം ബിജെപി ദേശീയ നേതൃത്വത്തിനോട് അതൃപ്തിയിലായിരുന്നു. പുതിയ പദവി നൽകാത്തതെ അകറ്റി നിർത്തുകയും ചെയ്തിരിക്കയാണ്. നേരത്തെ പാർടിയുമായ അകന്ന നടി ഖുശ്ബുവിനെ കഴിഞ്ഞ മാസം സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയാണ് അനുനയിപ്പിച്ചത്.
കേന്ദ്രമന്ത്രി നിർമലസിതാരാമൻ തമിഴ്നാട്ടിലെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നു എന്ന പരാതി അണ്ണാമലെയും സംസ്ഥാന നേതാക്കളും നേരത്തെ തന്നെ ഉയർത്തിയിരുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വിള്ളലുകൾ പരിഹരിക്കുന്നതിനും അമിത് ഷാ അദ്ദേഹത്തിന്റെ ന്യൂഡൽഹിയിലെ വസതിയിൽ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയും ഇടയ്ക്കിടെയുള്ള അഭിപ്രായവ്യത്യാസങ്ങളും തമിഴ്‌നാട്ടിലെ ബിജെപിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അമിത് ഷാ വിമർശനം ഉന്നയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ അണ്ണാമലൈയെ മാറ്റുകയും എന്‍ നാഗേന്ദ്രന് ചുമതല നല്‍കുകയും ചെയ്തതിന് പിന്നാലെ പ്രശ്നങ്ങൾ തീർക്കാൻ അമിത് ഷാ രണ്ട് തവണ സംസ്ഥാനത്ത് നേരിട്ട് എത്തിയിരുന്നു. എന്നിട്ടും പ്രശ്നങ്ങൾ പുകയുകയാണ്. 2026 ൽ തമിഴ് നാട് പിടിക്കുമെന്നാണ് അമിത് ഷാ വീമ്പിളക്കിയത്.









0 comments