ഇന്ത്യയിലെ നിലവാരമില്ലാത്ത എയർപോർട്ടുകൾക്ക് പൂട്ട് വീഴും; നിർദേശങ്ങളുമായി എഇആർഎ

ന്യൂഡൽഹി: ഇന്ത്യയിലെ നിലവാരമില്ലാത്ത എയർപോർട്ടുകൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ). ചെക്ക് ഇൻ കാലതാമസം, ബാഗേജ് ലഭിക്കുന്നതിൽ കാലതാമസം, വൃത്തിയില്ലാത്ത എയർപോട്ട് പരിസരങ്ങൾ എന്നിവയാണ് എയർപോർട്ടിന്റെ നിലവാരം കണക്കാക്കുന്ന മാനദണ്ഡങ്ങൾ. എഇആർഎയുടെ പുതിയ നിർദേശങ്ങൾ നിലവിൽ വരുന്നതോടെ ഇത്തരം നിലവാരമില്ലാത്ത എയർപോർട്ടുകൾക്ക് നേരെ പിഴ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.
യാത്രക്കാർക്ക് എയർപോർട്ടിൽ നിന്ന് മികച്ച സേവനങ്ങൾ കാഴ്ചവയ്ക്കാനായി യാത്രകൾ നൽകുന്ന യുസർ ഡെവലപ്മെന്റ് ഫീസിലുൾപ്പടെ കുറവ് വരുത്താനും തീരുമാനമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) എയർപോർട്ടുകളുടെ നിലവാരം ഉയർത്താനായി നേരത്തെ തന്നെ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ സേവനങ്ങൾ നിലവാരമുള്ളതാക്കാനുള്ള കർശനനടപടികൾ സ്വീകരിച്ചിരുന്നില്ല. ഈ നിർദേശങ്ങൾ നിലവിൽ വരുന്നതോടെ ഇമിഗ്രേഷൻ, ചെക്ക് ഇൻ എന്നിവയ്ക്ക് നിശ്ചിത സമയം ഉണ്ടാകും. പ്രതിവർഷം 60 ലക്ഷത്തിൽ കുറവ് യാത്രികർ വന്നു പോവുന്ന എയർപോർട്ടുകളും 60 ലക്ഷത്തിൽ കൂടുതൽ യാത്രികരുള്ള എയർപോർട്ടുകളും വ്യത്യസ്ത വിഭാഗങ്ങളിലായിരിക്കും ഉൾപ്പെടുക.
ചെറിയ എയർപോർട്ടുകളിൽ ഇത്രയും കർശന നിർദേശങ്ങൾ ഉണ്ടാകില്ല. കൂടുതൽ ആളുകൾ വന്നുപോകുന്ന എയർപോർട്ടുകളിലെ നിയമങ്ങൾ വ്യത്യസ്തമായിരിക്കും. യാത്രക്കാർക്ക് സുഗമമായ യാത്ര അനുഭവം നൽകാൻ അതാത് എയർപോർട്ട് അധികൃതരും ജീവനക്കാരും കൃത്യമായ നിർദേശങ്ങൾ പാലിക്കണം എന്ന തീരുമാനത്തിന്മേലാണ് ഈ മാറ്റങ്ങൾ.









0 comments