സുപ്രീംകോടതിക്കെതിരായ പരാമർശം: ബിജെപി എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി : രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്ന വിവാദ പരാമർശത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിക്ക് അഭിഭാഷകനായ അനസ് തൻവീറാണ് കത്ത് നൽകിയത്. പരാമർശം അപകീർത്തികരവും പ്രകോപനപരവുമാണെന്ന് കത്തിൽ പറയുന്നു.
വഖഫ് ഭേദഗതിയിലുള്ള സുപ്രീംകോടതി ഉത്തരവും ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണർമാരുടെ വിഷയത്തിൽ കോടതി നടത്തിയ ഇടപെടലിനുമൊക്കെ പിന്നാലെയാണ് ബിജെപി നേതാക്കൾ സുപ്രീം കോടതിക്കെതിരെ പരാമർശവുമായെത്തിയത്. രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്ന വിവാദ പരാമർശമാണ് ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയത്.
Related News
രാജ്യത്ത് നടക്കുന്ന സിവിൽ യുദ്ധത്തിനെല്ലാം കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നാണ് എംപി പറഞ്ഞത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചൂപൂട്ടണമെന്നും ബിജെപി എംപി പറഞ്ഞു. മതസ്പർദ്ധയടക്കം രാജ്യത്ത് വളർത്തുന്നത് സുപ്രീംകോടതിയും ചീഫ് ജസ്റ്റിസുമാണ്. തന്റെ അധികാരപരിധി മറികടന്നാണ് സുപ്രീംകോടതി നീങ്ങുന്നത്. എല്ലാവർക്കും എല്ലാ ആവശ്യത്തിനായും സുപ്രീംകോടതിയെ സമീപിക്കാമെങ്കിൽ പാർലമെന്റ് അടച്ചിടണം- ദുബെ പറഞ്ഞു.
മുർഷിദാബാദിൽ നടന്ന കലാപത്തെപ്പറ്റി ചോദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് ബിജെപി എംപി മറുപടി പറഞ്ഞത്. ജാർഖണ്ഡിലെ ഗോഡ്ഡയിൽ നിന്നുള്ള എംപിയാണ് ദുബെ. മുമ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജപി നേതാവ് ദിനേശ് ശർമയും സുപ്രീംകോടതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.









0 comments