മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് ഭേദഗതി , തീരുമാനം മുംബൈ കല്ല്യാണിലെ അദാനി പ്ലാന്റിനെതിരെ പ്രതിഷേധം ഉയരവെ
അദാനിയുടെ സിമന്റ് പ്ലാന്റ് ; വഴിയൊരുക്കാൻ നിയമം മാറ്റി കേന്ദ്രം

ന്യൂഡൽഹി
ഉൗർജാവശ്യത്തിന് സ്വന്തം പ്ലാന്റില്ലാത്ത സിമന്റ് ഗ്രൈൻഡിങ് യൂണിറ്റിന് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കരടുവിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. മുംബൈയിലെ കല്ല്യാണിൽ അദാനി ഗ്രൂപ്പ് സിമന്റ് ഉത്പാദനകേന്ദ്രം തുടങ്ങുന്നതിനെതിരെ വൻ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മോദി സർക്കാരിന്റെ നയംമാറ്റം. ഇത്തരം പ്ലാന്റ് സ്ഥാപിക്കാൻ പൊതുജനാഭിപ്രായം തേടണം, വിശദമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ റിപ്പോർട്ട് വേണം എന്നീ വ്യവസ്ഥകൾ പുതിയ പരിഷ്‌കാരത്തോടെ അപ്രസക്തമാകും. കരടുവിജ്ഞാപനത്തിൽ നിർദേശങ്ങളും തിരുത്തലുകളും അറിയിക്കുന്നതിന് 60 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജാ സിമന്റ് 1,400 കോടി രൂപ ചെലവിൽ ഇത്തരത്തിലുള്ള ആറ് പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ജനസാന്ദ്രത കൂടുതലായ കല്ല്യാണിൽ പ്ലാന്റ് ആരംഭിച്ചാൽ ആരോഗ്യ, പാരിസ്ഥിക പ്രശ്‌നങ്ങൾ ഉണ്ടാവും. സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് ഉൾപ്പെടെയുള്ളവയുടെ പുറന്തള്ളലും ആശങ്കയാണ്. പ്ലാന്റിന് നിർദേശിക്കപ്പെട്ട മൊഹോനയിലെയും സമീപത്തെ 10 ഗ്രാമങ്ങളിലെയും നാട്ടുകാര്‍ വൻ പ്രതിഷേധം തുടരുകയാണ്. പ്ലാന്റിനെതിരെ നാട്ടുകാർ ഒപ്പുശേഖരണവും നടത്തി.









0 comments