പ്രഗ്യാസിങ് ഠാക്കൂര്‍ അടക്കം ഏഴ് പ്രതികളെയാണ് വെറുതെവിട്ടത് ; സംശയിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെങ്കിലും ശിക്ഷിക്കാന്‍ തെളിവില്ലെന്ന് വിചാരണക്കോടതി
മാലേഗാവ് സ്‍ഫോടനക്കേസ് ; തെളിവ് തോറ്റു , ഹിന്ദുത്വ തീവ്രവാദികളെ വെറുതെവിട്ടു

മുംബൈ
ദേശീയ അന്വേഷണ ഏജൻസി തെളിവു നൽകുന്നതിൽ പരാജയപ്പെട്ട മാലേഗാവ് സ്ഫോടനക്കേസിലെ ഹിന്ദുത്വതീവ്രവാദികളായ എല്ലാ പ്രതികളെയും എൻഐഎ പ്രത്യേക കോടതി വെറുതെവിട്ടു. സ്‌ഫോടനത്തിനുപിന്നിൽ ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ അടക്കമുള്ള ഏഴ് പ്രതികളാണെന്ന സംശയം ശക്തമായി സ്ഥാപിക്കപ്പെട്ടെങ്കിലും ശിക്ഷിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘‘തെളിവ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. സംശയത്തിന്റെ ആനുകൂല്യത്തിന് പ്രതികൾ അര്‍ഹരാണ്’’ –പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി ഉത്തരവിൽ പറഞ്ഞു. ഭീകരവാദത്തിന് മതമില്ലെന്നും സംശയത്തിന്റെ പേരിൽ മാത്രം ആരെയും ശിക്ഷിക്കാനാകില്ലെന്നും വിധിയിൽ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം, തീവ്രഹിന്ദുത്വവാദികള്‍ പ്രതിയായ കേസുകൾ എൻഐഎ ദുർബലമാക്കുന്നുവെന്നും നിലപാട് മയപ്പെടുത്താൻ നിര്‍ദേശം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ രാജിവച്ചിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ നാലു ജഡ്‌ജിമാരെ മാറ്റുകയും ചെയ്‌തു.
പ്രഗ്യാസിങ്ങിനെ കൂടാതെ റിട്ട. ലെഫ്. കേണൽ പ്രസാദ് പുരോഹിത്, രമേഷ് ഉപാധ്യായ്, അജയ് രാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് വെറുതെവിട്ടത്.
2008 സപ്‌തംബർ 29ന് റംസാൻ മാസത്തിൽ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ മസ്‍ജിദിനുമുന്നിൽ ബൈക്കിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറേ പേർക്ക് പരിക്കേറ്റു. ബെെക്ക് പ്രഗ്യയുടേത് ആയിരുന്നെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. പുരോഹിതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുതീവ്രവാദ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കേസ്. മഹാരാഷ്‌ട്ര എടിഎസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. എടിഎസ് കുറ്റപത്രത്തിൽ പ്രഗ്യാസിങിനെതിരെ സ്ഥാപിച്ച ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ഒഴിവാക്കിയാണ് എൻഐഎ കുറ്റപത്രം നൽകിയത്.
ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണായകമായ സാക്ഷികൾ ഉൾപ്പെടെ 37പേർ കൂറുമാറി. കോടതിയിൽ മൊഴി നൽകും മുമ്പേ മുപ്പതോളം സാക്ഷികൾ മരിച്ചു. സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിയെങ്കിലും ഇവർക്കെതിരെ കള്ളസാക്ഷി പറഞ്ഞതിന് പ്രോസിക്യൂഷൻ നടപടിയെടുത്തില്ല. തുടക്കത്തിൽ കേസ് അന്വേഷിച്ച് പ്രഗ്യാസിങ് അടക്കമുള്ളവരെ അറസ്റ്റുചെയ്‌ത എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ 2008 നവംബറിൽ മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹമായി കൊല്ലപ്പെട്ടു.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ അറിയിച്ചു. അതേസമയം മഹാരാഷ്‌ട്ര സര്‍ക്കാരോ എൻഐഎയോ അപ്പീൽ നൽകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്‌ടപരിഹാരം നൽകാനും വിധിയിൽ പറഞ്ഞു.
നീതിയെ പരിഹസിക്കുന്നു: സിപിഐ എം
മലേഗാവ് സ്ഫോടനക്കേസിലെ കോടതിവിധിയിൽ കടുത്ത നിരാശയും ആശങ്കയുമുണ്ടെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. സ്‌ഫോടനത്തിൽ ആറ് നിരപരാധികൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 17 വർഷത്തിനുശേഷം വന്ന വിധിയിൽ തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. അന്വേഷണത്തിലെ പാളിച്ച കാരണവും തെളിവില്ലെന്ന് പറഞ്ഞും മുൻ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ, വിരമിച്ച ലഫ്. കേണൽ പ്രസാദ് പുരോഹിത് തുടങ്ങിയവരെ കുറ്റവിമുക്തരാക്കിയത് നീതിയെ അപഹസിക്കുന്നതിന് തുല്യമാണ്. തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നീതി നിഷേധിക്കുന്നതിന്റെയും കാലതാമസം വരുത്തുന്നതിന്റെയും മറ്റൊരു ഉദാഹരണമാണ് ഈ കേസ്.
പ്രതികൾക്ക് ആർഎസ്‌എസ്–-ബിജെപി പിന്തുണ ലഭിച്ചിച്ചിരുന്നു. പ്രഗ്യാ സിങ്ങിനെ എംപി സ്ഥാനാർഥിയാക്കി. ‘ഒരു ഹിന്ദുവിനും തീവ്രവാദിയാകാൻ കഴിയില്ലെ’ന്ന് രാജ്യസഭയിൽ ആഭ്യന്തരമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു വിധി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കോടതിയുടെ തീരുമാനത്തിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സിപിഐ എം പിബി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.









0 comments